തിരുവനന്തപുരം: രാജ്യാന്തര പ്രശസ്തമായ കോവളം ബീച്ചിൽ അടിയന്തിരമായി ചെയ്തു തീർക്കേണ്ട പ്രവൃത്തികൾക്കായി ടൂറിസം വകുപ്പ് 3.67 കോടി രൂപ അനുവദിച്ചു. തിങ്കളാഴ്ച ചേർന്ന വകുപ്പുതല വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ‘കോവളം ടൂറിസം കേന്ദ്രത്തിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ആക്ഷൻ പ്ലാൻ’ പദ്ധതിക്ക് 3,66,83,104 രൂപയുടെ അനുമതി നൽകിയത്.
പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം ബീച്ചിൻറെ സമഗ്ര നവീകരണമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കിഫ്ബി പദ്ധതിയുടെ ഭാഗമായി മാസ്റ്റർപ്ലാൻ നടപ്പാക്കുന്നുണ്ട്. ഇതിനിടയിൽ ചെയ്തു തീർക്കേണ്ട പ്രവൃത്തികളാണ് അടിയന്തിരമായി ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പദ്ധതി നടപ്പാക്കുന്നത് കോവളം ബീച്ചിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സൈറ്റ് തയ്യാറാക്കൽ, ലാൻഡ്സ്കേപ്പിംഗ്, നടപ്പാതകൾ സ്ഥാപിക്കൽ, ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, കെട്ടിടങ്ങളുടെ നവീകരണം, തെരുവ് വിളക്കുകൾ, വിശ്രമമുറികളുടെ നവീകരണം, പാർക്കിംഗ്, മാലിന്യ പ്രശ്നം പരിഹരിക്കൽ എന്നിവയുൾപ്പെടെ ബീച്ചുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും വികസനമാണ് പദ്ധതിയിൽ ഉൾക്കൊള്ളുന്നത്.