ദില്ലി : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ നിർണായക റിപ്പോർട്ടുമായി സിബിഐ. ചോദ്യപേപ്പർ ചോർത്തിയത് പരീക്ഷക്ക് വേണ്ടി ജാർഖണ്ഡിലെ സ്കൂളിലേക്ക് കൊണ്ടു പോകും വഴിയാണെന്നാണ് സിബിഐ കണ്ടെത്തൽ. ചോർത്തിയ പരീക്ഷാ പേപ്പറുകൾ 50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാർത്ഥികൾക്ക് എത്തിച്ചു.
പരീക്ഷാ പേപ്പർ ചോർന്ന വിഷയം വ്യക്തമായിരുന്നിട്ടും, സ്കൂൾ അധികൃതർ ഇക്കാര്യം സമയത്ത് എൻടിഎയെ അറിയിച്ചില്ല. വിവരം അറിഞ്ഞ ശേഷം എൻടിഎയും തെളിവുകൾ മറച്ചു വച്ചെന്നാണ് സിബിഐ റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും പ്രതിസ്ഥാനത്ത് നിർത്തുന്ന റിപ്പോർട്ടാണ് സിബിഐ തയ്യാറാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം, നീറ്റ് പരീക്ഷ വിവാദത്തിൽ സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്നുണ്ടാകും. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നുമാണ് എൻടിഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പാട്ന, ഗ്രോധ എന്നിവിടങ്ങളിൽ ഒതുകുന്ന ക്രമക്കേടുകൾ മാത്രമാണ് നടന്നത്.
തെറ്റായ കാര്യങ്ങൾ ചില വിദ്യാർത്ഥികൾ നടത്തിയതായി കണ്ടെത്തിയത് ചിലയിടങ്ങളിൽ മാത്രമാണ്. ഇത് പൂർണ്ണമായി പരീക്ഷ നടപടികളെ ബാധിക്കുന്നില്ലെന്നും എൻടിഎ പറയുന്നു. റാങ്ക് ലിസ്റ്റിലും മാർക്ക് നൽകിയതിലും അപകാതയില്ലെന്നും ഗ്രേസ് മാർക്ക് പ്രശ്നങ്ങൾ പരിഹരിച്ചെന്നും എൻടിഎ കോടതിയെ അറിയിച്ചു. അന്വേഷണത്തെ സംബന്ധിച്ച് സിബിഐയും റിപ്പോർട്ട് സമർപ്പിച്ചെന്നാണ് വിവരം. പരീക്ഷയുടെ പവിത്രതയ്ക്കേറ്റ കളങ്കം മറികടക്കാൻ ആകുന്നില്ലെങ്കിൽ പുനഃപരീക്ഷ നടത്താം എന്ന നിലപാടിലാണ് സുപ്രീംകോടതി.