തിരുവല്ല : നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ബിജെപി അംഗത്തിന്റെ പേര് നിർദേശിച്ചത് യുഡിഎഫ് അംഗങ്ങൾ. യുഡിഎഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതോടെ എൽഡിഎഫ് തന്നെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് തിരുവല്ല നഗരസഭയിൽ ഇന്ന് നടന്ന ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്.
23-ാം വാർഡ് മെമ്പറായ എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയാണ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. ജിജി വട്ടശ്ശേരി വൈസ് ചെയർമാനായപ്പോൾ ഉണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എൽ ഡി എഫ് – മൂന്ന്, യു ഡി എഫ് – രണ്ട്, ബി ജെ പി -ഒന്ന എന്ന നിലയിൽ ആയിരുന്നു കക്ഷിനില. ചെയർമാൻ സ്ഥാനത്തേയ്ക്കു മത്സരിക്കുന്നതിനായി ബിജെപി അംഗത്തിന്റെ പേര് നിർദേശിച്ചത് യുഡിഎഫ് അംഗങ്ങളായിരുന്നു. എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയും ബി ജെ പി യിലെ ശ്രീനിവാസൻ പുറയാറ്റും തമ്മിലാണ് മത്സരം നടന്നത്. വോട്ടിങ്ങിൽ യു ഡി എഫിലെ മുൻ വൈസ് ചെയർമാൻ കൂടിയായ മെമ്പറുടെ വോട്ട് അസാധുവായതോടെയാണ് രണ്ട് പേർക്കും ഒരു പോലെ വോട്ട് വരാതിരുന്നതും എൽഡിഎഫ് വിജയിച്ചതും.
കേരളാ കോൺഗ്രസ് (എം) പാർട്ടി അംഗവും കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് റെജി കുരുവിളയുടെ ഭാര്യയുമാണ് ബിന്ദു റെജി കുരുവിള.