കോട്ടയം ജില്ലയിൽ കുടുംബശ്രീ സി.ഡി.എസ്. തിരഞ്ഞെടുപ്പ് ജനുവരി 25ന്; എ.ഡി.എസ്. തെരഞ്ഞെടുപ്പ് പൂർത്തിയായി

കോട്ടയം: കോട്ടയം ജില്ലയിൽ കുടുംബശ്രീ സി.ഡി.എസ് (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) തെരഞ്ഞെടുപ്പ് ജനുവരി 25 നടക്കും. അയൽക്കൂട്ടം, എ.ഡി.എസ്.(ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി) തെരഞ്ഞെടുപ്പുകൾ കോട്ടയം ജില്ലയിൽ പൂർത്തിയായി. ജനുവരി ഏഴു മുതൽ 13 വരെ 15,890 അയൽക്കൂട്ടങ്ങളിലും 16 മുതൽ 21 വരെ
1342 എ.ഡി.എസുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമാധാനപരമായാണ് തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരി പി.എസ്. ഷിനോ പറഞ്ഞു.

Advertisements

പരിശീലനം നേടിയ 15,976 അയൽക്കൂട്ടം അധ്യക്ഷരുടെ നേതൃത്വത്തിലാണ് അയൽക്കൂട്ട തെരഞ്ഞെടുപ്പ് നടന്നത്.
613 എ.ഡി.എസ്.തല വരണാധികാരികളുടെ നേതൃത്വത്തിലാണ് എ.ഡി.എസ്. തെരഞ്ഞെടുപ്പു പൂർത്തീകരിച്ചത്. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവരുൾപ്പെടെ 11 അംഗ ഭാരവാഹികളാണ് എ.ഡി.എസ്. ഭരണസമിതിയിലുള്ളത്. ഇവരെക്കൂടാതെ രണ്ട് ഇന്റേണൽ ഓഡിറ്റർമാരെയും തെരഞ്ഞെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ.ഡി.എസിന് മുകളിൽ പഞ്ചായത്ത്/ നഗരസഭ തലത്തിലുള്ള സംഘടനാ സംവിധാനമാണ് സി.ഡി.എസ് (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി). അഞ്ചു വാർഡുകൾ വീതമുള്ള ക്ലസ്റ്റർ ആയാണ് തെരഞ്ഞെടുപ്പ് നടത്തുക. എ.ഡി.എസ്. തെരഞ്ഞെടുത്ത 11 അംഗഭാരവാഹികൾ ചേർന്ന് സി.ഡി.എസ് അംഗത്തെ തെരഞ്ഞെടുക്കും. പിന്നീട് സി.ഡി.എസ്. അംഗങ്ങൾ ചേർന്ന് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവരുൾപ്പെട്ട ഭരണസമിതിയെ തെരഞ്ഞെടുക്കും. ജനുവരി 26ന് പുതിയ ഭരണസമിതികൾ അധികാരമേൽക്കും.

തെരഞ്ഞെടുപ്പ് കർശന നിയന്ത്രണങ്ങളോടെ
കോവിഡ് വ്യാപന സാഹചര്യത്തിൽ കുടുംബശ്രീ തെരഞ്ഞെടുപ്പിന് കർശന കോവിഡ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. കുടുംബശ്രീ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനു സർക്കാർ അനുമതി നൽകി ഉത്തരവായിരുന്നു. ക്ലസ്റ്ററുകൾ രൂപീകരിച്ചാണ് ജനുവരി 25ന് തെരഞ്ഞെടുപ്പു നടത്തുക. പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ ചുവടെ:

കോവിഡ് ബാധിതരായ എ.ഡി.എസ്., പൊതുസഭ അംഗങ്ങൾക്ക് അവരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് പകരമായി പ്രസ്തുത അയൽക്കൂട്ടത്തിലെ ഒരംഗത്തെ ചുമതലപ്പെടുത്താം. ഇതിനായി പ്രതിനിധിയെ ചുമതലപ്പെടുത്തി കൊണ്ടുള്ള സാക്ഷ്യപത്രം അതത് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നൽകണം. തെരഞ്ഞെടുപ്പ് സമയത്ത് പ്രതിനിധി അധികാരികളുടെ മുമ്പാകെ ഫോൺ മുഖേന കോവിഡ് ബാധിതയായ അംഗത്തെ വിളിച്ച് അവരുടെ പിന്തുണ ആർക്കെന്ന് ഉറപ്പുവരുത്തണം. രോഗബാധിതയായ അംഗത്തിന് ഭാരവാഹിയായി മത്സരിക്കുന്നതിന് താൽപര്യമുണ്ടെങ്കിൽ വരണാധികാരി പരിഗണിച്ച് അർഹതയുണ്ടെങ്കിൽ നടപടി സ്വീകരിക്കും.

എല്ലാ പൊതുസഭ അംഗങ്ങളും എൻ 95 മാസ്‌ക്കോ ഇരട്ട സർജിക്കൽ മാസ്‌കോ നിർബന്ധമായും ധരിക്കണം.
സാനിറ്റൈസർ കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കണം. തെരഞ്ഞെടുപ്പ് വരണാധികാരി, കുടുംബശ്രീ ജില്ലാ മിഷൻ, കുടുംബശ്രീ സി.ഡി.എസ് എന്നിവർ തെരഞ്ഞെടുപ്പ് പൊതുയോഗ സ്ഥലത്ത് സാനിറ്റൈസർ ലഭ്യതയും സോപ്പും വെള്ളവും ഉറപ്പാക്കണം.

ആരോഗ്യ വകുപ്പിന്റെ സഹായത്തോടുകൂടി തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ അംഗങ്ങളെ പങ്കെടുപ്പിക്കാവൂ.
കാറ്റും വെളിച്ചവുമുള്ള സ്ഥലത്താണ് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കേണ്ടത്. എല്ലാ അംഗങ്ങളും സ്വന്തമായി പേന കരുതണം.
മുഴുവൻ അംഗങ്ങളും സാമൂഹിക അകലം പാലിക്കണം. ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം.
തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാന മിഷൻ നൽകിയിട്ടുള്ള കോവിഡ് പ്രതിജ്ഞയെടുക്കണം.

Hot Topics

Related Articles