കോട്ടയം: വടവാതൂർ കടത്തുകടവിൽ കുട്ടികളുടെ പാർക്കിലേക്കുള്ള റോഡ് തകർന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ചെളിവെള്ളം കെട്ടിക്കിടക്കുന്ന റോഡിലേക്ക് ഇരുചക്രവാഹനയാത്രികർ വീഴുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. റോഡരികുകൾ കൂടാതെ റോഡിന്റെ മധ്യഭാഗത്തും ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജല അതോറിറ്റിയുടെ നേതൃത്വത്തിൽ വെട്ടിപ്പൊളിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തിലെ ഭൂരിഭാഗം ഉൾറോഡുകളുടെയും അവസ്ഥ ഇതാണ്. കുഴിവെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ഒരുതുള്ളി ജലം പോലും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഏറ്റുമാനൂർ-മണർകാട്-വടവാതൂർ ജങ്ഷനുകളിലേക്ക് പോകുന്നതിനുള്ള പ്രധാനവഴികൂടിയാണിത്. മീനന്തറ ടൂറിസത്തിന്റെ ഭാഗമായുള്ള ചിൽഡ്രൻസ് പാർക്ക് ഇവിടെ അടുത്താണ് സ്ഥിതിചെയ്യുന്നത്.
വെട്ടിപ്പൊളിച്ച റോഡ് കോൺക്രീറ്റ് ചെയ്ത് മൂടിയെങ്കിലും ടിപ്പർ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ തുടർച്ചയായി കടന്നുപോയതിലൂടെ റോഡ് വീണ്ടും തകർന്ന് ഉപയോഗശൂന്യമാവുകയായിരുന്നു. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി 16-ാം വാർഡിലെ മുന്നോട്ടുപോകുന്ന പല ഭാഗങ്ങളിലും റോഡ് കുറുകെ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. മൂന്ന് കോൺട്രാക്ടർമാരുടെ നേതൃത്വത്തിലാണ് ജലനിധിയുടെ പ്രവർത്തികൾ കരാർ എടുത്തിരിക്കുന്നത്. ക്രമമനുസരിച്ച് വാർഡിലേക്കുള്ള ജലവിതരണം നടന്നുവരികയാണ്, അത് പൂർത്തിയായതിന് ശേഷമേ റോഡ് നന്നാക്കൂ എന്നാണ് ബന്ധപ്പെട്ടവരിൽ നിന്നുള്ള മറുപടി. റോഡ് മോശമായതിനാൽ സ്കൂൾകുട്ടികൾക്ക് പോകുന്നതിനുള്ള ഓട്ടോറിക്ഷപോലും ഇതുവഴി എത്താറില്ല- നാട്ടുകാർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തുന്നവർ കുഴിയിൽ വീഴുന്നത് പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥ പലതവണ വകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും ശ്രദ്ധയിൽപെടുത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വൈകിട്ടാവുന്നതോടെ സമീപത്തെ പാർക്കിലേക്ക് കുട്ടികളുമായെത്തുന്ന കുടുംബങ്ങൾ ജീവൻ കയ്യിൽപിടിച്ചാണ് ഇതുവഴി സഞ്ചരിക്കുന്നത്. സമീപത്തെ ജങ്ഷനുകളിൽ നിന്നും അത്യാവശ്യത്തിന് വിളിച്ചാൽ ഒരു ഓട്ടോറിക്ഷപോലും ഇതുവഴി എത്താനാവാത്ത അവസ്ഥയാണ്. കുഴികൾ മണ്ണിട്ടുമൂടി സ്വയം കുഴികളടക്കുന്നതിനുള്ള ആലോചനയിലാണ് കടത്തുകടവ് നിവാസികൾ.