ഗാസ : തെക്കൻ ഗാസയിലെ സുരക്ഷിത മേഖലയില്‍ അഭയാർത്ഥി ക്യാമ്ബിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം. ഖാൻ യൂനിസിന് പടിഞ്ഞാറ് അല്‍-മവാസി അഭയാർത്ഥി ക്യാമ്ബിന് നേരെ നടന്ന ആക്രമണത്തില്‍ 71 പേർ കൊല്ലപ്പെടുകയും 289 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നും അല്‍ ജസീറ റിപ്പോർട്ട് ചെയ്തു.
ഇസ്രായേല്‍ സൈന്യം “സുരക്ഷിത മേഖലയായി നിശ്ചയിച്ചിരിക്കുന്ന മേഖലയിലാണ് ആക്രമണം നടന്നത്. പലസ്തീൻകാരുടെ താത്കാലിക കൂരകളും വാട്ടർ ഡിസ്റ്റിലേഷൻ യൂണിറ്റും ലക്ഷ്യംവെച്ചാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നും ഗാസ സിവില്‍ ഡിഫൻസ് വക്താവ് പ്രതികരിച്ചു. അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളും ഇസ്രായേല്‍ സൈന്യം പ്രദേശത്ത് വർഷിച്ചതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ നാസർ, കുവൈത്ത് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഒരു മുതിർന്ന ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഇസ്രായേല്‍ സൈന്യം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ഇതാദ്യമല്ലെന്നും പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.