ജനാധിപത്യത്തെ ഉത്സവമാക്കാനുള്ള ശക്തി നമ്മുടെ വിരല്‍ത്തുമ്പിലുണ്ട്; ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍

പത്തനംതിട്ട: ജനാധിപത്യത്തെ ഉത്സവമാക്കാനുള്ള ശക്തി നമ്മുടെ ഓരോരുത്തരുടേയും വിരല്‍ത്തുമ്പിലുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. എനിക്കുമുണ്ടൊരു ലോകം നിനക്കുമുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ ഏറെ അന്വര്‍ഥമാകുന്ന തരത്തിലാണ് കോവിഡ് നമ്മുടെ ലോകത്തെയാകെ മാറ്റി മറിച്ചത്.

Advertisements

കോവിഡ് പ്രതിസന്ധിയില്‍ പുതിയ ജീവിതരീതികള്‍ നമ്മള്‍ സ്വായത്തമാക്കി കഴിഞ്ഞു. അതുകൊണ്ടാണ് ഇത്തരത്തിലൊരു സുപ്രധാന ദിനം ഓണ്‍ലൈനില്‍ ആഘോഷിക്കേണ്ടി വന്നത്. ലോകം മുഴുവന്‍ ഒരു സെല്‍ഫോണിനുള്ളിലേക്ക് ചുരുങ്ങുമ്പോള്‍ ഒന്നായി ചിന്തിക്കാനും സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായും നന്മയ്ക്കായും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന പൗരബോധത്തെ കുറിച്ചാണ് ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഊര്‍ജവും അടിത്തറയുമാണ് ജനാധിപത്യം. ജനാധിപത്യത്തിന്റെ വേരുകള്‍ക്ക് കൂടുതല്‍ ഉറപ്പ് വരുത്താനും അതിന്റെ പുഷ്പങ്ങളും ഫലങ്ങളും ഏറ്റവും മികച്ച രീതിയില്‍ നുകരാനും ജനപങ്കാളിത്തം ആവശ്യമാണെന്നതിനുള്ള വലിയ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഷ്ട്രനിര്‍മാണത്തില്‍ എനിക്കും ഒരിടമുണ്ടെന്ന തിരിച്ചറിവാണ് ഓരോ വോട്ടുമെന്നും, ഓരോരുത്തരുടേയും സ്വരം ഏറ്റവും ക്രിയാത്മകമായി സമൂഹത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി ഉപയോഗിക്കണമെന്നും കളക്ടര്‍ പറഞ്ഞു.സംവിധായകനും നടനുമായ ബേസില്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു. പത്തനംതിട്ട ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി സമ്മതിദായകരുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ദേശീയ സമ്മതിദായക ദിനാഘോഷത്തോട് അനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കോന്നി ആര്‍വിഎച്ച്എസ്എസിലെ നിരഞ്ജനും, രണ്ടാം സ്ഥാനം കോന്നി എസ്.എന്‍. പബ്ലിക് സ്‌കൂളിലെ എസ്.എസ്. അഭിരാമിയും, മൂന്നാം സ്ഥാനം പ്രമാടം നേതാജി എച്ച്എസിലെ സ്‌നേഹ എസ്. നായരും നേടി. കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പരുമല ദേവസ്വം ബോര്‍ഡ് പമ്പ കോളജ് ഒന്നാം സ്ഥാനവും, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് രണ്ടാം സ്ഥാനവും, പന്തളം എന്‍എസ്എസ് കോളജ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ചടങ്ങില്‍ വിതരണം ചെയ്തു.അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് പി. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഡിസി ജനറലും സ്വീപ് നോഡല്‍ ഓഫീസറുമായ കെ.കെ. വിമല്‍രാജ്, കോഴഞ്ചേരി തഹസില്‍ദാരും ഇആര്‍ഒയുമായ കെ. ജയദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles