തിരുവനന്തപുരം: തമിഴ്നാട് അതിർത്തിയായ അമരവിള ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് ഇറങ്ങിയ എക്സൈസ് സംഘത്തിന്റെ കൈയിൽ കുടുങ്ങിയത് ഒന്നരക്കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ. ബസിൽ സാധാരണ യാത്രക്കാരെപ്പോലെ സഞ്ചരിച്ചാണ് യുവാക്കൾ മതിയായ രേഖകളില്ലാതെ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്.
നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു തൃശൂർ സ്വദേശികളായ ശരത്, ജിജോ എന്നീ യുവാക്കൾ. എക്സൈസ് സംഘം നടത്തിയ പതിവ് പരിശോധനയിൽ ഇവരുടെ കയ്യിൽ നിന്ന് 2.250 കിലോഗ്രാം സ്വർണം പിടികൂടുകയായിരുന്നു. ആഭരണങ്ങളാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബസിലാകുമ്‌ബോൾ പരിശോധനയുണ്ടാകില്ലെന്ന് കരുതിയാണ് യുവാക്കൾ ഈ മാതൃക സ്വീകരിച്ചത്. ഇവരുടെ പക്കൽ നിന്ന് പിടികൂടിയ സ്വർണത്തിന് മതിയായ രേഖകൾ ഇല്ലായിരുന്നു. പ്രതികളെ പിന്നീട് ആഭരണങ്ങൾ സഹിതം ജിഎസ്ടി വകുപ്പിന് കൈമാറുകയായിരുന്നു.
പ്രതികൾക്ക് ഒമ്ബത് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡി.സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ പിടിച്ചെടുത്തത്. സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ്.എസ്.എസ്, അരുൺ സേവ്യർ, ലാൽകൃഷ്ണ എന്നിവരും പരിശോധന നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.