തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ ദുരിതം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്. പാലക്കാട്, ഇടുക്കി,ആലപ്പുഴ, കണ്ണൂർ, കോട്ടയം,തൃശൂർ ജില്ലകളിൽ ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ മുതൽ അംഗനവാടികൾ വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏഴ് ജില്ലകളിൽ അവധി ബാധകമാണ്. എന്നാൽ കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ പ്രവർത്തിക്കും. വിവിധ ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല. വയനാട് ജില്ലയിൽ മോഡൽ റസിഡൻഷ്യൽ (എംആർഎസ്), നവോദയ സ്‌കൂളുകൾക്കും അവധി ബാധകമല്ല.
പ്രതികൂല കാലാവസ്ഥയും വൈദ്യുതി, ജല ലഭ്യതയുടെയും കുറവും കാരണം ബുധനാഴ്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോടൂറിസത്തിന്റെ പ്രവർത്തനം നിരോധിച്ചു. കോഴിക്കോട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നീ ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാകില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറ് ജില്ലകളിൽ കനത്ത തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ 18-07-2024 രാത്രി 11.30 വരെ 2.8 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് 17-07-2024 ന് രാവിലെ 08.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും, തമിഴ്‌നാട് തീരത്തും 18-07-2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
- കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.