ജാഗ്രതാ സ്പെഷ്യൽ
കോട്ടയം: കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് റിപബ്ലിക്ക് ദിനത്തിൽ മുഴങ്ങുന്ന ഈ ശബ്ദത്തിന് പതിനേഴിന്റെ പ്രൗഡിയുണ്ട്..! രാജ്യം റിപബ്ലിക്കിന്റെ 75 ആം വാർഷികം ആഘോഷിക്കുമ്പോൾ, അഭിമാനത്തോടെ അതിലേറെ ആവേശത്തോടെ കോട്ടയത്തിന്റെ ശബ്ദം നെഞ്ചോടു ചേർക്കുകയാണ് പി.എ അമാനത്ത് എന്ന മൂലവട്ടം സ്വദേശി. ഇടുക്കി ജില്ലാ അസിസ്റ്റന്റ് പ്ലാനിങ് ഓഫിസറായ മൂലവട്ടം പുത്തൻപറമ്പിൽ പി.എ അമാനത്ത് കഴിഞ്ഞ പതിനേഴു വർഷമായി കോട്ടയം ജില്ലയിലെ റിപബ്ലിക്ക് ദിന പരേഡിനു വേണ്ടി ശബ്ദം നൽകുന്നുണ്ട്. ഇക്കുറി ഇടുക്കി ജില്ലയിൽ നിന്നെത്തിയാണ് ശബ്ദം നൽകിയതെന്നത് വ്യത്യസ്തതയായി മാറി.
ബസേലിയസ് കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ പരിപാടികൾക്ക് അവതാരകനായതാണ് അമാനത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട്, കോളേജിൽ നിന്നും പുറത്തിറങ്ങിയ വർഷം പബ്ലിക്ക് ഇൻഫർമേഷൻ ഡിപ്പാർട്ടമെന്റ് നടത്തിയ തിരഞ്ഞെടുപ്പിലൂടെയാണ് മികച്ച അനൗൺസറായ അമാനത്ത് ജില്ലാ ഭരണകൂടത്തിനു വേണ്ടി ആദ്യമായി മൈക്ക് കയ്യിലെടുത്തത്. അന്ന്, റാണി ജോർജായിരുന്നു ജില്ലാ കളക്ടർ. പിന്നീട്, മികച്ച രീതിയിൽ പഠിച്ച് പി.എസ്.സി പരീക്ഷപാസായി അമാനത്ത് സർക്കാർ സർവീസിലും എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാർ സർവീസിൽ എത്തിയതോടെ റിപബ്ലിക്ക് ദിനത്തിലെ അനൗൺസ്മെന്റിനുള്ള പിടി അമാനത്ത് മുറുക്കിപ്പിടിച്ചത്. ആദ്യം വാഴൂർ ഗവ.പ്രസിലായിരുന്നു ജോലി ലഭിച്ചത്. തുടർന്നു സർക്കാരിന്റെ വിവിധ വകുപ്പുകളിൽ പി.എസ്.സി വഴി ജോലി ലഭിച്ചു. വിവിധ ജില്ലകളിൽ മാറിമാറി ജോലി ചെയ്യുമ്പോഴും ഇദ്ദേഹം കോട്ടയത്തെ പരേഡിന് അനൗൺസ്മെന്റിന് എത്തുന്ന കാര്യം മറക്കാറില്ല.
കോട്ടയത്ത് ബുധനാഴ്ച നടന്ന റിപബ്ലിക്ക് ദിന പരേഡിൽ മന്ത്രി വി.എൻ വാസവൻ പതാക ഉയർത്തി. തുടർന്ന്, അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് ഇക്കുറിയും റിപബ്ലിക്ക് ദിന പരേഡ് കോട്ടയത്ത് നടന്നത്.