ഏറ്റുമാനൂർ : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സെന്റ്.മേരീസ് ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന സമ്മേളനം മന്ത്രി വി.എന്‍ വാസവൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഏതു ദിശയിൽ സഞ്ചരിക്കണം എന്നതിന് അവർക്ക് ഹൈസ്കൂൾ തലത്തിൽ കരിയർ ഗൈഡൻസ് നൽകണമെന്നും കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അതനുസരിച്ച് വേണം അവർക്ക് തുടർപഠനം സാധ്യമാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെയും സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികളെ മന്ത്രി മെമെന്റോ നൽകി ആദരിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആൻസ് വർഗീസ്, ജെയിംസ് കുര്യൻ, പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, വാർഡ് മെമ്പർ ബേബിനാസ് അജാസ് , സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സെന്റ്.മേരീസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫ് സ്വാഗതവും സെന്റ് അലോഷ്യസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ് നന്ദിയും പറഞ്ഞു.