ഇടുക്കി: മരം വീണ് അപകടങ്ങൾ ആവർത്തിക്കുന്ന സംഭവത്തിൽ വനം വകുപ്പിനെതിരെ നിലപാട് കടുപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ. മനുഷ്യ ജീവൻ നഷ്ടപ്പെട്ടാൽ ഉത്തരവാദി മൂന്നാർ ഡി എഫ് ഒ ആണെന്ന് കളക്ടർ ഉത്തരവിൽ പറയുന്നു. ദേശീയ പാതയോരത്തെ മരങ്ങൾ മുറിച്ച് നീക്കാനുള്ള നിർദ്ദേശം നടപ്പിലായില്ലെന്നാണ് ഇടുക്കി കളക്ടർ ഷീബ ജോർജ് വ്യക്തമാക്കിയത്.
ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിലെ നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള പാതയോരത്തെ മരങ്ങളാണ് മുറിച്ച് നീക്കേണ്ടത്. പ്രദേശത്തെ മരങ്ങൾ നീക്കം ചെയ്യുന്നതിന് നിരവധി തവണ നിർദേശം നൽകിയിട്ടും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് കലക്ടർ ഉത്തരവിൽ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടരമായ മരങ്ങളും ശാഖകളും മൂലം ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും വിലയേറിയ മനുഷ്യ ജീവൻ ഉൾപ്പെടെ എല്ലാ കഷ്ടനഷ്ടങ്ങൾക്കും മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഉത്തരവാദിയായിരിക്കുന്നതും ദുരന്ത നിവാരണ നിയമം 2005 പ്രകാരമുള്ള നടപടികൾക്ക് വിധേയമായിരിക്കുന്നതുമാണെന്ന് ഉത്തരവിലുണ്ട്.
ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജ് നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള വന മേഖലയിലെ അപകടസാധ്യത അടിയന്തരമായി പരിഹരിക്കാനാണ് കളക്ടർ ഉത്തവിട്ടത്. അപകടകരമായി നിൽക്കുന്ന എല്ലാ മരങ്ങളും ശാഖകളും അടിയന്തരമായി നീക്കം ചെയ്ത് 15 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെ കളക്ടർ ചുമതലപ്പെടുത്തുകയും ചെയ്തു. അപകട ഭീഷണിയെ തുടർന്ന് നേര്യമംഗലം മുതൽ വാളറ വരെ അത്യാവശ്യമല്ലാത്ത യാത്രകൾക്ക് നിരോധനം ഉണ്ടായിരുന്നു. നിലവിൽ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ നിയന്ത്രണങ്ങൾ പിൻവലിച്ചു.