ആലപ്പുഴ: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ സിപിഎമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി സുധാകരന്.ഒരു സ്ത്രീയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി ഏറെ പഴി കേട്ടുവെന്നും എന്നാല്‍ ആ വിഷയത്തില്‍ ഉമ്മൻചാണ്ടിക്കെതിരെ താന്‍ ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിമര്‍ശനമാകാം, പക്ഷേ ആക്ഷേപിക്കരുത് എന്നും ജി സുധാകരൻ പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് ചികിത്സാ സഹായ പരിപാടിയിലാണ് സുധാകരന്റെ പരാമർശം. ”രാഷ്ട്രീയ വിമര്‍ശനത്തിലൊന്നും ഒരു വിട്ടുവീഴ്ചയും ഞങ്ങളാരും കാണിച്ചിട്ടില്ല. പക്ഷേ ആക്ഷേപിക്കരുത്. അദ്ദേഹത്തെ (ഉമ്മന്‍ ചാണ്ടിയെ) ഒരുപാട് ആക്ഷേപിച്ചതാണ് ഏതോ ഒരു സ്ത്രീയുടെ പ്രശ്നത്തില്‍. എന്റെ വായില്‍ നിന്നൊരു വാക്ക് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. ആ പ്രശ്നം ഞാന്‍ പറഞ്ഞിട്ടില്ല. കാരണം എനിക്ക് വിശ്വാസമില്ല. അങ്ങനെ ചെയ്യുന്ന ഒരാളാണെന്ന് എനിക്ക് വിശ്വാസം വേണ്ടേ?” – ജി സുധാകരന് പറഞ്ഞു.
”ഈ പറയുന്നത് രാഷ്ട്രീയമല്ലല്ലോ, വ്യക്തിപരമായ ആക്രമണമല്ലേ. ഇത് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതല്ലല്ലോ. പറയുന്നവരെ ഞാന്‍ കുറ്റം പറയില്ല. അതവരുടെ ഇഷ്ടമായിരിക്കും. പക്ഷേ ഞാന്‍ പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. അതിന്റെ ആവശ്യമില്ല. വേറെ എന്തെല്ലാം ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ സമയം കിടക്കുന്നു. അതൊന്നും പറയാതെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുനടന്നാല്‍, പറയുന്ന ആളുടെ പ്രസ്ഥാനത്തിന് ദോഷം, അത്രയേ ഉള്ളൂ. ആരായാലും””പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനപ്പെട്ട കാര്യമാണെന്ന് പലരും മറന്നു പോകുന്നു. ചുമ്മാ ചീത്ത പറയുന്നതാണോ പാര്‍ട്ടി സ്നേഹം. അങ്ങനൊന്നുമല്ല. അങ്ങനെ ചീത്ത പറയുന്നിടത്ത് പുല്ലുപോലും മുളയ്ക്കില്ല. നശിക്കും അവിടം” -ജി സുധാകരന് കൂട്ടിച്ചേർത്തു.