കോഴിക്കോട് : നിപ വൈറസ് ബാധയെ തുടർന്ന് 14കാരൻ മരിച്ച സാഹചര്യത്തില്‍ ഇന്ന് 13 പേരുടെ സാമ്ബിളുകള്‍ പരിശോധിക്കും. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. മരിച്ച കുട്ടിയുടെ സമ്ബർക്ക പട്ടികയില്‍ 350 പേരാണുള്ളത്. ഹൈറിസ്ക് പട്ടികയില്‍ 101 പേരുണ്ട്. 68 പേർ ആരോഗ്യപ്രവർത്തകരാണ്. മലപ്പുറത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. പൊതുസ്ഥലത്ത് എല്ലാവരും മാസ്ക് ധരിക്കണമെന്നാണ് നിർദേശം.
തിരുവനന്തപുരത്തെ നാല് പേർ സമ്ബർക്ക പട്ടികയിലുണ്ട്. കുട്ടി ചികിത്സക്ക് വന്ന ആശുപത്രിയില്‍ ഇതേ സമയം ഇവർ വന്നിരുന്നു. മൂന്നംഗ കുടുംബവും ഡ്രൈവറുമാണുള്ളത്. മലപ്പുറം തുവ്വൂരില്‍ പനിയുണ്ടായിരുന്ന യുവാവ് മരിച്ചതിന്‍റെ കാരണം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മൃഗങ്ങളുടെ സാമ്ബിളുകള്‍ എടുക്കും. മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. അതിനിടെ നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഉണ്ടായിരുന്നവർ ആരോഗ്യ വകുപ്പിന്‍റെ നിപ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും നിർദേശിച്ചു.