സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടില്ല; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വരും

തിരുവനന്തപുരം: സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഭാഗികമായി പുറത്തുവിടും. സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെ തുടര്‍ന്നാണ് സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയ റിപ്പോര്‍ട്ടര്‍ ഉള്‍പ്പടെ ഏഴ് മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുക.

Advertisements

നാലര വര്‍ഷം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണുന്നത്. സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് 2019 ഡിസംബര്‍ 31 ന് സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉള്‍പ്പടെ സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സ്വകാര്യത ചൂണ്ടിക്കാട്ടിയായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടാൻ തയ്യാറാകാതിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം കെ.കെ രമ എംഎല്‍എ നിയമസഭയിലും ഉന്നയിച്ചിരുന്നു. ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീമാണ് ഉത്തരവിട്ടത്. വിവരാവകാശ നിയമ പ്രകാരം അപ്പീല്‍ സമര്‍പ്പിച്ചവര്‍ക്ക് ഈ മാസം 26 നകം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനായിരുന്നു കമ്മീഷണറുടെ ഉത്തരവ്. കൈമാറുന്ന പകര്‍പ്പില്‍ നിന്നും 49-ാം പേജിലെ 96-ാം ഖണ്ഡികയും 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. സ്വകാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാറും ഉറച്ചു നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ 300 പേജുള്ള ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 233 പേജുകള്‍ മാത്രമാണ് ഇന്ന് വൈകിട്ട് പുറത്തുവരിക.

നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ജസ്റ്റിസ്.കെ ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തില്‍ അഭിനേത്രി ശാരദ മുന്‍ ഐപിഎസ് ഓഫീസര്‍ കെ ബി വത്സലകുമാരി എന്നിവരായിരുന്നു അംഗങ്ങള്‍. 1.65 കോടി രൂപയാണ് ഹേമ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവഴിച്ചത്.

Hot Topics

Related Articles