കോട്ടയം : ആരോഗ്യവകുപ്പിന്റെയും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ എച്ച്.ഐ.വി/ എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മാരത്തൺ, ഫ്ളാഷ് മോബ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തിനു മുന്നോടിയായി ജില്ലാതലത്തിലാണ് മത്സരങ്ങൾ. 17 മുതൽ 25 വയസുവരെ പ്രായമുള്ള കോളേജ് വിദ്യാർഥികൾക്കു മത്സരങ്ങളിൽ പങ്കെടുക്കാം തിങ്കളാഴ്ച (ജൂലൈ 29) രാവിലെ ഏഴുമണിക്ക് സി.എം. എസ് കോളജ് ജംഗ്ഷനിൽ നിന്ന് താഴത്തങ്ങാടി വരെ മാരത്തൺ മത്സരം നടക്കും. സ്ത്രീ, പുരുഷ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് പ്രത്യേകമായാകും മത്സരം. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 5000,3000,2000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡു നൽകും. മത്സരത്തിലെ ആദ്യ രണ്ടു സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.ജൂലൈ 31ന് ഉച്ചക്ക് മണിക്ക് കോട്ടയം ഗാന്ധി സ്ക്വയർ പരിസരത്താണ് ഫ്ളാഷ് മോബ്മത്സരം നടക്കുക. മത്സരത്തിലെ ആദ്യ അഞ്ചു സ്ഥാനക്കാർക്ക് യഥാക്രമം 5000, 4500, 4000, 3500, 3000 രൂപയും വിജയികളാവുന്നവർക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. മത്സരങ്ങളുടെ രജിസ്ട്രേഷൻ കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ വഴി പൂർത്തിയായി. രജിസ്റ്റർ ചെയ്തിട്ടുള്ള മത്സരാർത്ഥികൾ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ സഹിതം മത്സരത്തിന് മുൻപ് മത്സര സ്ഥലത്ത് റിപ്പോർട്ട് ചെയ്യണം.