തിരുവനന്തപുരം: മഴക്കുഴിയിൽ വീണ് രണ്ടരവയസുകാരി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. അടയമൺ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടിൽ രാജീവ്-വർഷ ദമ്ബതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. വീടിന് പിറകുവശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രൂപ. ഇതിനിടെ രൂപയെ കാണാതായി. തുടർന്ന് മൂത്തകുട്ടി അമ്മയെ വിവരം അറിയിച്ചു. ഇവർ നടത്തിയ തിരച്ചിലിൽ വീടിന് പുറക് വശത്തെ മഴക്കുഴിയിൽ രൂപയെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം നിർത്താതെ പെയ്ത മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു. കുഞ്ഞിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കിളിമാനൂർ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച തുടർനടപടികൾ നടക്കും. അങ്കണവാടി വിദ്യാർത്ഥിയായ ജീവ രാജീവ് ആണ് രൂപയുടെ സഹോദരൻ.