വയനാട് : എട്ട് ജില്ലകളില്‍ ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നതിനിടെ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വടക്കന്‍ കേരളത്തില്‍ അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. ഇതിനിടെയാണ് വയനാട്ടില്‍ ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിലും സമീപ പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം നേവിയുടെ 50 അംഗ ടീമും രണ്ട് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.
അതോടൊപ്പം 200 സൈനികരടങ്ങിയ രണ്ട് ആര്‍മി സംഘങ്ങളും രക്ഷാ പ്രവര്ത്തനത്തിനായെത്തി ചേരും. പുറമെ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡിഎസ്സി) സെൻ്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിനെത്തുമെന്നാണ് ഒടുവില്‍ ലഭ്യമായ വിവരം. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കാനുള്ള നീക്കവും നടക്കുന്നു.