കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്നും പ്ലസ് വൺവിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ, കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയ യുവാവ് അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയ തിരുവനന്തപുരം സ്വദേശിയായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പെരുകുളം പൂവ്വച്ചൽ ജെഫിൻ നിവാസിൽ ജെഫിനെ(18)യാണ് ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
ഈരാറ്റുപേട്ട മേലമ്പാറ സ്വദേശിനിയായ പതിനേഴുകാരിയെ കാണാനില്ലെന്നായിരുന്നു പൊലീസ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ ഈരാറ്റുപേട്ട പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്നു, പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ തിരുവനന്തപുരത്തു നിന്നു കണ്ടെത്തുകയും ചെയ്തു. പെൺകുട്ടിയെ കണ്ടെത്തുമ്പോൾ ഒപ്പം ഒരു യുവാവുമുണ്ടായിരുന്നു. ഇരുവരും തമ്മിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായിരുന്നതായി പൊലീസ് പറയുന്നു. തുടർന്നാണ് പെൺകുട്ടി രക്ഷപെട്ടത്. തിരുവനന്തപുരത്ത് പെൺകുട്ടിയെ കണ്ടതിനു പിന്നാലെയാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദ്ദേശപ്രകാരം പാലാ ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗ്ഗീസിൻറെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്‌പെക്ടർ തോമസ് സേവ്യർ, സിവിൽ പൊലീസ് ഓഫീസർമാരായ ശരത്കൃഷ്ണദേവ്, നിത്യ മോഹൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.