വയനാട്: വയനാട്ടിൽ നാലു ദിവസത്തിന് ശേഷം അത്ഭുതക്കാഴ്ച. ദുരന്തം നടന്ന് നാലു ദിവസത്തിന് ശേഷം ഒരു കുടുംബത്തിലെ അഞ്ചു പേരെ ജീവനോടെ കണ്ടെത്തി. പ്രദേശവാസികളായ ജോണും ജോമോളും ഇവരുടെ രണ്ട് മക്കളും അടക്കം അഞ്ചു പേരെയാണ് പടവെട്ടിക്കുന്നിന് സമീപം കണ്ടെത്തിയത്. ഇവിടെ ദുരന്ത ഭൂമിയിൽ പട്ടാളവും എൻഡിആർഎഫ് സംഘവും നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരെ ഇനി എയർ ലിഫ്റ്റ് ചെയ്യുന്നതിനുള്ള നടപടികളാണ് ആലോചിക്കുന്നത്. സംഘത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് രാവിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഡിആർഎഫ് സംഘവും സൈന്യവും സ്ഥലത്ത് പരിശോധന നടത്തിയത്. തുടർന്നാണ്, ഇവിടെ സ്ഥലത്ത് നിന്നും ഒരു കുടുംബത്തിലെ അഞ്ചു പേരെ കണ്ടെത്തിയത്. ഇവരെ പുറത്ത് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.