കോട്ടയം : നാട്ടകം കുടിവെള്ള പദ്ധതിയ്ക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. കോട്ടയം ജലഅതോറിറ്റി എൻജിനീയർമാർ ദേശീയപാത 183ൽ മണിപ്പുഴ-മറിയപ്പള്ളി- കോടിമത ഭാഗത്തും കോട്ടയം കലക്ടറേറ്റ് – കഞ്ഞിക്കുഴി ഭാഗത്തും നടത്തിയ റീസർവേ അനുസരിച്ച് തയ്യാറാക്കിയ പ്ലാൻ സംബന്ധിച്ച് ഉദ്യോഗ തലത്തിൽ വിശദമായ ചർച്ച നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അദ്ധൃക്ഷതയിൽ നടന്ന യോഗത്തിൽ ജലഅതോറിറ്റി കോട്ടയം ഡിവിഷൻ സൂപ്രണ്ടിംഗ് എൻജിനീയർ രതീഷ് കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ വിജു കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ ഐ കുരിയാക്കോസ്, കിഫ്ബി കേരളാ പ്രതിനിധി നിതീഷ്, നാട്ടകം കുടിവെള്ള പദ്ധതി ജനകീയ കർമ്മസമിതിയുടെ പ്രതിനിധികളായ ബാബു ജോസഫ്, ഷാനവാസ്, സന്തോഷ് എന്നിവർ പങ്കെടുത്തു.
ഏറ്റവും കുറച്ച് റോഡ്കട്ടിംഗ് ഉണ്ടാകുന്ന വിധത്തിൽ ജലഅതോറിറ്റി എൻജിനീയർമാർ തയ്യാറാക്കിയ റീസർവേ പ്ലാൻ ദേശീയപാത ഉന്നതാധികാരികൾക്ക് അനുമതിക്കായി സമർപ്പിക്കുന്നതിന് തിരുമാനിച്ചതായും ഈ വർഷം തന്നെ പൈപ്പ് വിനൃാസം പൂർത്തിയാക്കി ജലവിതരണം പുനരാരംഭിക്കുന്നതിനായി നടപടികൾ വേഗത്തിലാക്കുമെന്നും ഉദൃോഗസ്ഥർ അറിയിച്ചു.