പത്തനംതിട്ട : ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കൽ – ദുരന്ത സമയത്തെപ്പോലും പരിഗണിക്കാത്ത സർക്കാർ വ്യഗ്രത സംശയാസ്പദമെന്ന് ഡി സി സി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചു പറമ്പിൽ.സംയുക്ത അധ്യാപക സമിതി ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ സമൂലമായ മാറ്റം നിർദ്ദേശിക്കുന്ന ഖാദർ കമ്മറ്റി റിപ്പോർട്ട് പൊതു സമൂഹത്തിനു മുന്നിൽ പ്രസിദ്ധീകരിക്കാതെയും യാതൊരു തരത്തിലുള്ള ചർച്ചകളോ വിശകലനങ്ങളോ നടത്താതെയും,കേരളം നേരിടുന്ന സമാനതകളില്ലാത്ത ദുരന്തസമയം കൂടി പരിഗണിക്കാതെ മന്ത്രിസഭയുടെ മുമ്പാകെ വച്ച് തിരക്കിട്ട് അംഗീകരിപ്പിച്ചെടുക്കാനുള്ള വ്യഗ്രത സംശയാസ്പദമാണെന്നും , കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖലയെ അക്കാദമികമായും ഭരണപരമായും തകർക്കുന്ന റിപ്പോർട്ട് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും സംയുക്ത അധ്യാപക സമിതി അഭിപ്രായപ്പെട്ടു .അനാവശ്യ പരീക്ഷണങ്ങൾ മൂലം അക്കാദമിക മികവിൻ്റെ കാര്യത്തിൽ ക്രമേണ പിന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാലയങ്ങളെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുന്ന അശാസ്ത്രീയ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതു കൊണ്ടു തന്നെയാണ് റിപ്പോർട്ടിൻ്റെ രണ്ടാം ഭാഗം പുറത്തുവിടാതെ, മന്ത്രിസഭയുടെ അംഗീകാരം നേടാൻ ശ്രമിക്കുന്നതെന്നും ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ ഈ നിലപാടിനെതിരെ പൊതു സമൂഹത്തെ മുൻനിർത്തി ശക്തമായ സമരങ്ങൾക്ക് സംയുക്ത അധ്യാപക സമിതി നേതൃത്വം നൽകുമെന്ന് സമിതി അഭിപ്രായപ്പെട്ടു. സംയുക്ത അധ്യാപക സമിതി ജില്ലാ ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. എച്ച് എസ് എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറിഅനിൽ എം ജോർജ് മുഖ്യ പ്രഭാക്ഷണം നടത്തി. ഡി സിസി വൈസ് പ്രസിഡണ്ട് അഡ്വ. എ. സരേഷ് കുമാർ സെക്രട്ടറി സാമുവൽ കിഴക്കുപുറം,ഘടക സംഘടന നേതാക്കളായ മീന ഏബ്രഹാം,സജി അലക്സാണ്ടർ, ബിന്ദു ബി.ചന്ദ്രൻ, ജിജി സാം മാത്യു, എസ്. പ്രേം,ഹബീബ് മദനി, കെ. റഹ്മത്തുള്ള, കെ എം സുരേഷ് കുമാർ, അനിത ബേബി, എന്നിവർ പ്രസംഗിച്ചു.