കോട്ടയം∙ പെട്രോൾ അടിച്ച ശേഷം പണം നൽകാതെ കബളിപ്പിച്ച കേസിൽ പ്രതി കോട്ടയം പൂവരണി മാറാട്ടുകളം സ്വദേശി ജോയൽ ജോസ് ജോർജിനു ജാമ്യം. മണിമല പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 മജിസ്ട്രേറ്റ് നിയത പ്രസാദാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്.
കോട്ടയം ജില്ലയിലെ വിവിധ പമ്പുകളിൽനിന്ന് ഇന്ധനം നിറച്ച ശേഷം ഓൺലൈനായി പണമടച്ചിട്ടുണ്ടെന്നു പറഞ്ഞു കടന്നു കളയുന്നതാണ് ഇയാളുടെ രീതി. 4000 രൂപയ്ക്കു മുകളിൽ ഓരോ തവണയും പെട്രോൾ അടിച്ച ശേഷമാണ് പ്രതി പമ്പ് ജീവനക്കാരെ കബളിപ്പിച്ച് കടന്നത്. പ്രതിയുടെ വാഹനത്തിൽനിന്ന് വ്യാജനമ്പർ പ്ലേറ്റുകളും പിടിച്ചെടുത്തിരുന്നു. പ്രതിക്കായി അഭിഭാഷകനായ ഷാമോൻ ഷാജി കോടതിയിൽ ഹാജരായി.