പട്ന: പട്നയിൽ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ശാഖയിൽ നിന്ന് ഏഴോളം കവർച്ചക്കാർ 21 ലക്ഷം രൂപ കൊള്ളയടിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. ദുൽഹിൻബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജാമുയി കൊറയ്യ ഗ്രാമത്തിൽ ബൈക്കിലെത്തിയ മോഷ്ടാക്കളാണ് ബാങ്ക് കൊള്ളയടിച്ചതെന്ന് പൊലീസ് പറഞ്ഞു. ആയുധധാരികളായ കവർച്ചക്കാർ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ശാഖയിൽ പ്രവേശിച്ച് ജീവനക്കാരെയും ഇടപാടുകാരെയും തോക്കിന് മുനയിൽ ബന്ദികളാക്കി ഏകദേശം 21 ലക്ഷം രൂപ കൊള്ളയടിക്കുകയായിരുന്നു. ബാങ്ക് തുറന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കവർച്ച നടന്നത്.
സംഭവത്തിൽ ജില്ലാ പൊലീസ് ഇപ്പോൾ അന്വേഷണം തുടങ്ങി. മോഷണത്തിനിടെ ബാങ്കിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഡിവിആറും അക്രമികൾ എടുത്തു കൊണ്ടുപോയി. സമീപത്തെ കടകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് കവർച്ചക്കാരെക്കുറിച്ചുള്ള സൂചനകൾ തേടുകയാണ്. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയെന്ന് പാറ്റ്ന വെസ്റ്റ് സിറ്റി എസ്പി അഭിനവ് ധിമാൻ പറഞ്ഞു. ബിഹാറിൽ കുറ്റകൃത്യങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണെന്നും നിതീഷ് കുമാർ സർക്കാറിന്റെ ഭരണത്തിൽ അരാജകത്വമാണെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.