തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനുള്ള ഭക്ഷണം തയ്യാറാക്കുന്നവർ ബ്രാഹ്മണരായിരിക്കണമെന്ന ദേവസ്വം ബോർഡിന്റെ ക്വട്ടേഷൻ പരസ്യം മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ട് പിൻവലിപ്പിച്ചു. ഫെബ്രുവരി 14 മുതൽ 23 വരെ നടക്കുന്ന ഈ വർഷത്തെ ഉത്സവത്തിനുളള ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണമെന്നാണ് നോട്ടീസിലുളളത് . സംഭവം ശ്രദ്ധയിൽപെട്ടതായും ഉടൻ പിൻവലിക്കാൻ ദേവസ്വം കമ്മീഷണർക്ക് നിർദേശം നൽകിയതായും കെ രാധാകൃഷ്ണൻ അറിയിച്ചു.
പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട എല്ലാ ടെൻഡർ നടപടികളും റദ്ദാക്കിയതായി ദേവസ്വം അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ചുളള പ്രസാദ ഊട്ടിലേക്കും പകർച്ച വിതരണത്തിനും ആവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിനായി എല്ലാ വർഷവും ദേവസ്വം ക്വട്ടേഷൻ വിളിക്കാറുണ്ട്. പതിവ് ദേഹണ്ഡ പ്രവർത്തികൾ, പച്ചക്കറി സാധനങ്ങൾ മുറിച്ച് കഷണങ്ങളാക്കൽ, കലവറയിൽ നിന്നും സാധനസാമഗ്രികൾ അഗ്രശാലയിലെത്തിക്കൽ,പാകം ചെയ്തത് വിതരണത്തിനും ബാക്കിവന്നവ അഗ്രശാലയിലും എത്തിക്കുക എന്നിവയ്ക്കായാണ് ക്വട്ടേഷൻ ക്ഷണിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോലിക്കാരുടെ പട്ടികയ്ക്കൊപ്പം അവരുടെ ആധാർ കാർഡ് ഹാജരാക്കണമെന്നും ക്വട്ടേഷൻ ലഭിച്ചവർ പ്രവൃത്തി ഉറപ്പിനായി ഒരുലക്ഷം രൂപ സുരക്ഷാ നിക്ഷേപം നൽകണമെന്നും നോട്ടീസിലുണ്ട്. ഇതിൽ പറയുന്ന പ്രധാന വ്യവസ്ഥയാണ് പാചക പ്രവർത്തിക്ക് വരുന്നവരും അവർക്കൊപ്പമെത്തുന്ന സഹായികളും ബ്രാഹ്മണരായിരിക്കണമെന്നത്
.ഈ മാസം പതിനേഴിന് പുറത്തിറക്കിയ നോട്ടീസിലെ നിബന്ധനകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനത്തിന് ഇടയാക്കി. സിപിഎം ഭരിക്കുന്ന നവോത്ഥാന കേരളത്തിലാണ് ഇത്തരമൊരു നോട്ടീസെന്നാണ് പ്രധാനമായും പരിഹാസം ഉയർന്നത്. കാലങ്ങളായി പിന്തുടരുന്ന കീഴ്വഴക്കമെന്നാണ് സംഭവത്തിൽ ദേവസ്വം അധികൃതരുടെ വിശദീകരണം. എന്നാൽ സംഭവം ശ്രദ്ധയിൽപെട്ടതും ദേവസ്വം വകുപ്പ് നടപടി തുടങ്ങി. ക്വട്ടേഷൻ നോട്ടീസിലെ വിവാദ വ്യവസ്ഥ പിൻവലിച്ച് പുതിയത് ഇറക്കാൻ ദേവസ്വം മന്ത്രി നിർദേശം നൽകുകയായിരുന്നു.