തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും ഐക്കണ്‍ കളിക്കാരേയും പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം സ്വന്തമാക്കിയ തിരുവനന്തപുരം ജില്ലയുടെ ഫ്രാഞ്ചൈസിയുടെ പേര് ട്രിവാന്‍ഡ്രം റോയല്‍സ് എന്നാണ്. ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പ് സ്വന്തമാക്കിയ കൊല്ലം ജില്ലയുടെ ഫ്രാഞ്ചൈസിക്ക് ഏരീസ് കൊല്ലം സെയ്‌ലേഴ്സ് എന്നാണ് പേരിട്ടിരിക്കുന്നത്.
കണ്‍സോള്‍ ഷിപ്പിംഗ് സര്‍വീസസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയ ആലപ്പുഴ ജില്ലാ ടീമിന് ആലപ്പി റിപ്പിള്‍സ്, എനിഗ്മാറ്റിക് സ്മൈല്‍ റിവാര്‍ഡ്സ് സ്വന്തമാക്കിയ എറണാകുളം ജില്ല ടീമിന് കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഫൈനസ് മാര്‍ക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയ തൃശ്ശൂര്‍ ജില്ല ടീമിന് തൃശൂര്‍ ടൈറ്റന്‍സ്, ഇകെകെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ് സ്വന്തമാക്കിയ കോഴിക്കോട് ജില്ല ടീമിന് കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ് എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞദിവസം നടന്ന ഫ്രാഞ്ചൈസികളുടെ മീറ്റിംഗിലാണ് ഓരോരുത്തര്‍ക്കുമുള്ള ടീമുകളുടെ ജില്ലകളും പേരുകളും തീരുമാനിച്ചത്. പി.എ. അബ്ദുള്‍ ബാസിത് ട്രിവാന്‍ഡ്രം റോയല്‍സിന്‍റെയും സച്ചിന്‍ ബേബി ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്‍റെയും മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്‍റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെയും വിഷ്ണു വിനോദ് തൃശ്ശൂര്‍ ടൈറ്റന്‍സിന്‍റെയും റോഹന്‍ എസ് കുന്നമ്മല്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സിന്റെയും ഐക്കണ്‍ കളിക്കാരായിരിക്കും.
രജിസ്റ്റർ ചെയ്ത കേരളത്തിലെ താരങ്ങളില്‍നിന്ന് ലേലത്തില്‍ പങ്കെടുക്കാനുള്ള കളിക്കാരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുക്കും. ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകള്‍ കളിക്കാരുടെ ലേലത്തിലൂടെ ഇവരില്‍നിന്ന് അവരവരുടെ താരങ്ങളെ സ്വന്തമാക്കും. ഓഗസ്റ്റ് 10 ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍വച്ചാണ് കളിക്കാരുടെ ലേലം നടക്കുക. സ്റ്റാര്‍ സ്പോര്‍ട്സ് ത്രീയിലും ഒടിടി പ്ലാറ്റ്ഫോമായ ഫാന്‍ കോഡിലും ലേലം തല്‍സമയം സംപ്രേഷണം ചെയ്യും. സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിലാണ് മല്‍സരങ്ങള്‍ നടക്കുക. നടന്‍ മോഹന്‍ലാലാണ് കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍