ദില്ലി: വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് രംഗത്ത്. കേന്ദ്രത്തിന്റേത് വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുന്ന നീക്കമാണെന്നാണ് കാന്തപുരം അഭിപ്രായപ്പെട്ടത്.
വഖഫ് കൗണ്‍സിലിന്റെ അധികാരം കവര്‍ന്നെടുക്കുന്ന ഭേദഗതിയാണ് കേന്ദ്രം കൊണ്ടുവരുന്നതെന്നും നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും കാന്തപുരം പ്രസ്താവനയിറക്കി ആവശ്യപ്പെട്ടു. മുസ്ലിം ആരാധനാലയങ്ങളും വഖഫ് സ്വത്തുക്കളും ‘തര്‍ക്കഭൂമി’കളാക്കാന്‍ വലിയ ഗൂഢാലോചനകള്‍ നടക്കുമ്പോള്‍ കേന്ദ്രത്തിന്റെ ഈ നീക്കം ദുരൂഹമാണെന്നും അദ്ദേഹം പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം മുസ്ലീം ഇതര അംഗങ്ങളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായാണ് വഖഫ് നിയമഭേദഗതി ബില്‍ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നത് അടക്കം നാല്പതിലധികം ഭേദഗതികളുമായാണ് ബില്‍ പുറത്തിറങ്ങുന്നത്. ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന സൂചനകള്‍ ശക്തമാകുമ്പോള്‍, ബില്‍ സൂക്ഷ്മ പരിശോധനയ്ക്ക് അയക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.