കൊച്ചി : നടിയെ ക്വട്ടേഷൻ നൽകി ബലാത്സംഗം ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയ സംഭവത്തിൽ നടൻ ദിലീപിന്റെ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി അൽപ സമയത്തിനകം ഉണ്ടാകും. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യത്തിൽ വിധി പറയുന്നത്.
ഇതിനിടെ , നടൻ ദിലീപിന്റെ കൈവശമുളള മൊബൈൽ ഫോണുകൾ ഉടൻ അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാവിലെ പതിനൊന്നിനാണ് ഈ ഹർജി പരിഗണിക്കുന്നതിനായി കോടതി ചേരുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ നിർണായക വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ഡിവൈസുകൾ ദിലീപ് മനഃപൂർവം മറച്ചുപിടിക്കുന്നു എന്നാണ് പ്രോസിക്യൂഷൻ ആരോപണം.
എന്നാൽ തന്റെ സ്വകാര്യതയുമായി ബന്ധപ്പട്ട കാര്യങ്ങൾ ഉളളതിനാൽ ഹാജരാക്കാനാകില്ലെന്നാണ് ദിലീപിന്റെ നിലപാട്. ഈ സാഹചര്യത്തിൽ നിലപാടറിയിക്കാൻ ദിലീപിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തന്റെ ഫോൺ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ മുൻഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങൾ ആ ഫോണിലുണ്ടെന്നും അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താൽ അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ദിലീപ് വാദിച്ചത്. എന്നാൽ അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കിൽ ഈ ഫോൺ കോടതിയിൽ ഹാജരാക്കിക്കൂടേ എന്ന് ഹൈക്കോടതി ചോദിച്ചു.
ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാനസർക്കാർ നൽകിയ ഉപഹർജി പരിഗണിക്കവേയാണ് ദിലീപ് ഇത്തരത്തിലുള്ള വാദമുഖങ്ങൾ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകൾ അന്വേഷണസംഘത്തിന് നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഉപഹർജി നൽകിയത്.