കോട്ടയം: മൂലവട്ടം ദിവാൻകവലയിൽ സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്തൂപം തകർത്ത സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ പൊലീസ് കേസ്. നാട്ടകം സുരേഷിനെ രണ്ടാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, കേസിലെ ഒന്നാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മറിയപ്പള്ളിയെ അറസ്റ്റ് ചെയ്തു. രാഹുലിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
സി.പി.എം ജില്ലാ സമ്മേളനത്തിനു മുന്നോടിയായാണ് മൂലവട്ടം ദിവാൻകവലയിൽ സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്തൂപം സ്ഥാപിച്ചത്. ഈ സ്തൂപം പുലർച്ചെ എത്തിയ സംഘം തകർക്കുകയായിരുന്നു. ദിവാൻ കവലയിൽ സി.പി.എം സ്ഥാപിച്ച സ്തൂപം തകർത്ത വിവരം സപിറ്റേന്ന് രാവിലെയാണ് സി.പി.എം പ്രവർത്തകർ അറിഞ്ഞത്. പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ച സി.പി.എം, ചിങ്ങവനം പൊലീസിൽ പരാതിയും നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് കേസെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നാണ് ശനിയാഴ്ച രാവിലെ രാഹുൽ മറിയപ്പള്ളിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതേ തുടർന്നു സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചു. സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, സ്തുപം തകർത്ത സംഭവത്തിൽ പങ്കില്ലെന്നും കേസ് രാഷ്ട്രിയ പ്രേരിതമാണെന്നും നാട്ടകം സുരേഷ് പറഞ്ഞു. അടുത്ത ദിവസം തന്നെ നാട്ടകം സുരേഷിനെ നോട്ടീസ് നൽകി സ്റ്റേഷനിൽ വിളിച്ചു വരുത്തുമെന്നു പൊലീസ് അറിയിച്ചു.
മൂലവട്ടം ദിവാൻകവലയിൽ തന്നെയുള്ള ഇന്ദിരാഗാന്ധി സ്മൃതി മണ്ഡപത്തിൽ സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പെയിന്റ് അടിച്ചതാണ് സ്തൂപം തകർക്കുന്നതിന് ഇടയാക്കിയത്. ഇന്ദിരാഗാന്ധി സ്മൃതി മണ്ഡപത്തിൽ പെയിന്റ് അടിച്ചതിനെച്ചൊല്ലി കോൺഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യ പ്രകാരം സി.പി.എം പിറ്റേന്ന് തന്നെ സ്തൂപത്തിൽ തിരികെ പെയിന്റ് അടിച്ച് നൽകിയിരുന്നു. എന്നാൽ, അന്ന് രാത്രി തന്നെ സി.പി.എമ്മിന്റെ ജില്ലാ സമ്മേളത്തിന്റെ പ്രചാരണാർത്ഥം സ്ഥാപിച്ച സ്തൂപം തകർക്കപ്പെടുകയായിരുന്നു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനെതിരെ കേസെടുത്തതോടെ സംഭവത്തിനു പിന്നിലെ അട്ടിമറിയും ഗൂഡാലോചനയും വ്യക്തമായിരിക്കുകയാണെന്നു സി.പി.എം മൂലവട്ടം ലോക്കൽ സെക്രട്ടറി ആന്റണി നോമി മാത്യു പറഞ്ഞു. മനപൂർവം സംഘർഷം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. പ്രദേശത്ത് ജനസ്വാധീനം നഷ്ടമായ കോൺഗ്രസും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷും നടത്തുന്ന നീക്കം ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.