കോട്ടയം : കോട്ടയം നഗരസഭയിലെ മൂന്ന് കോടി രൂപയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് നടത്തിയ ക്ലർക്ക് അഖിൽ സി വർഗീസിന് സസ്പെൻഷൻ കാലയളവിൽ ഉപജീവന ബത്തയ്ക്ക് അർഹതയുണ്ടെന്ന് സസ്പെൻഷൻ ഉത്തരവിൽ പരാമർശം. സാധാരണ നടപടിയ്ക്ക് വിധേയനാകുന്ന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ കാലയളവിൽ ഉപജീവനത്തിന് എന്ന പേരിലാണ് ബത്ത അനുവദിക്കുന്നത്. എന്നാൽ കോട്ടയം നഗരസഭയെ കട്ട് തിന്ന് , വർഷങ്ങളോളം പറ്റിച്ച് പണം അടിച്ചുമാറ്റിയ കൊടും കള്ളനും ക്രിമിനലുമായ ക്ലർക്കിന് എന്തിന് ഉപജീവന ബത്ത അനുവദിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. പ്രഥമ ദൃഷ്ട്യാ അഴിമതി ആണ് എന്ന് വ്യക്തമായിട്ടും ഇയാൾക്ക് ഉപജീവന ബത്തയ്ക്ക് അർഹത ഉണ്ട് എന്ന് സസ്പെൻഷൻ എഴുതിവിടുന്നത് സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാധാരണക്കാരായ ജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ് മൂന്നുകോടി രൂപ ഈ തട്ടിപ്പുകാരൻ അടിച്ചുമാറ്റി എടുത്തത്. വർഷങ്ങളോളമായി നടന്നിരുന്ന ഈ തട്ടിപ്പ് നഗരസഭ അക്കൗണ്ട് വിഭാഗം നടത്തിയ പരിശോധനയിലാണ് പുറത്തുവന്നത്. തട്ടിപ്പിന്റെ വാർത്ത ജാഗ്രത ന്യൂസ് ലൈവ് പുറത്തുവിട്ട ആഗസ്റ്റ് ആറിന് ഉച്ചയ്ക്ക് ശേഷം ഇയാൾ വൈക്കം നഗരസഭയിൽ ജോലിയ്ക്ക് എത്തിയിട്ടില്ല. കോട്ടയം നഗരസഭാ സെക്രട്ടറി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പോലീസ് അഖിലിനെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത് തുടർന്നാണ് ഇപ്പോൾ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ അഖിലിനെ സസ്പെൻഡ് ചെയ്ത ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അഖിൽ രാജ്യത്തിന് പുറത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളുടെ പാസ്പോർട്ട് കണ്ടു കെട്ടണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന് കോട്ടയം നഗരസഭാ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു.