രണ്ടാം ഘട്ട ജനകീയ തെരച്ചിലിന് തിരിച്ചടിയായി കനത്ത മഴ; ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു; ലഭിച്ചത് മൂന്ന് ശരീര ഭാഗങ്ങൾ

മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിൽ ഇന്ന് നടത്തിയ രണ്ടാം ഘട്ട ജനകീയ തെരച്ചിലിന് തിരിച്ചടിയായി കനത്ത മഴ. പ്രദേശത്ത് മഴ ശക്തമായതോടെ മൂന്ന് മണിയോടെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്നത്തെ ജനകീയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ കിട്ടിയതായി അധികൃതർ അറിയിച്ചു. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പൻ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗവുമാണ് കണ്ടുകിട്ടിയത്.

Advertisements

കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാ​ഗങ്ങൾ കിട്ടിയത്. ഈ സാഹചര്യത്തിൽ കൂടുതൽ മൃതദേഹങ്ങൾ അവിടെയുണ്ടോ എന്ന് വിശദമായി പരിശോധന നടത്തും. ഇന്ന് കണ്ടെത്തിയ ശരീരഭാഗങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുന്നതേയുള്ളൂ. കാലാവസ്ഥ അനുകൂലമായതിനാൽ എയർലിഫ്റ്റ് ചെയ്യാനാവുമെന്നാണ് കരുതുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തെരച്ചില്‍ നടന്നത്. രാവിലെ എട്ട് മണിക്കാണ് സന്നദ്ധപ്രവർത്തകരുടേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും ക്യാമ്പുകളിൽ കഴിയുന്നവരുടേയും നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങിയത്. ക്യാമ്പിലുള്ളവർ സ്വന്തം വീടിരുന്ന സ്ഥലത്തെത്തിയടക്കം പരിശോധന നടത്തി. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകൾ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്.

അതേസമയം വയനാട് ഉരുൾപ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചു. അഞ്ചു പേർ അടങ്ങുന്ന വിദഗ്ധ സംഘം ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കം പ്രദേശങ്ങൾ സന്ദർശിക്കും. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതിൽ ഊന്നിയാണ് മുഖ്യമന്ത്രി, പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിച്ചതെന്നും വയനാട്ടിൽ ദുരിതബാധിത പ്രദേശത്ത് തുടരുന്ന മന്ത്രിമാരുടെ സംഘം അറിയിച്ചു. 

തെരച്ചിൽ, കെട്ടിടാവശിഷ്ടം നീക്കൽ, ക്യാംപുകൾ തുടരാനുള്ള സഹായം എന്നിവ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. പുനർനിർമ്മാണം, തൊഴിൽ, വിദ്യാഭ്യാസം എന്നിവയിൽ സഹായം നൽകുന്നത് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ഉരുൾപ്പൊട്ടലിലുണ്ടായ നാശനഷ്ടങ്ങളിൽ കൂടുതൽ കൃത്യമായ കണക്കുകൾ ഉൾപ്പെടുത്തി പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം നൽകും. തിങ്കളാഴ്ച ഡൗൺസ്ട്രീം കേന്ദ്രീകരിച്ച് പൂർണ തിരച്ചിലുണ്ടാകുമെന്നും വയനാട്ടിലെ ഉരുൾപ്പൊട്ടൽ മേഖലയിൽ തുടരുന്ന മന്ത്രിസഭാ ഉപസമിതി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.