ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ കൂച്ച്ബെഹാറിലെ അതിർത്തി പ്രദേശത്ത് തടിച്ചുകൂടിയ ബംഗ്ലാദേശ് അഭയാർത്ഥികളോട് ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥൻ ശാന്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.
എന്തുകൊണ്ടാണ് അഭയാർത്ഥികളെ ഇന്ത്യയിലേക്ക് കടത്തിവിടാൻ കഴിയാത്തതെന്ന് വിശദീകരിക്കുകയാണ് അദ്ദേഹം. ‘നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഞങ്ങൾക്കെല്ലാം അറിയാം, എന്നാൽ നിങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് ഒരു ചർച്ച ആവശ്യമാണ്, ഈ രീതിയിൽ പ്രശ്നം പരിഹരിക്കാൻ കഴിയില്ല, ഞങ്ങൾ ആഗ്രഹിച്ചാലും നിങ്ങളെ ഇന്ത്യയിലേക്ക് കടന്നുവരാൻ അനുവദിക്കാനാവില്ല. ‘
ജനക്കൂട്ടം പ്രതിഷേധിക്കുമ്ബോൾ, ഉദ്യോഗസ്ഥൻ തുടരുന്നു, ‘ദയവായി ഞാൻ പറയുന്നത് കേൾക്കൂ, നിലവിളിച്ചതുകൊണ്ടോ പ്രതിഷേധിച്ചതുകൊണ്ടോ ഫലമില്ല, നിങ്ങളുടെ പ്രശ്നം ലോകം മുഴുവൻ അറിയാം. പക്ഷേ ഒരു ചർച്ച ആവശ്യമാണ്. ചർച്ച നടന്നാൽ, നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കും. മുതിർന്ന ഉദ്യോഗസ്ഥർ ഇവിടെയുണ്ട്, പക്ഷേ ഞങ്ങൾ നിങ്ങളെ ഉടൻ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കണമെന്ന് നിങ്ങൾ പറഞ്ഞാൽ, അത് സാധ്യമാണോ?
‘എന്റെ രാജ്യത്തിന് വേണ്ടി ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പ്രശ്നങ്ങൾ ഒരു ചർച്ചയിലൂടെ പരിഹരിക്കപ്പെടും. തിരിച്ചുപോകാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഒരു പരിഹാരം കണ്ടെത്താൻ കഴിയില്ല,’ വീഡിയോയിൽ ഉദ്യോഗസ്ഥൻ പറയുന്നു.