മേലുകാവുമറ്റം : മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് പ്രവർത്തനം ആരംഭിച്ചു. കിഴക്കൻ മേഖലയുടെ ആരോഗ്യരംഗത്തിന്റെ പുരോഗതിക്കു നിർണായക സംഭാവന നൽകാൻ മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്ററിനു സാധിക്കുമെന്നു ആശീർവാദ കർമ്മവും അധ്യക്ഷ പ്രസംഗവും നിർവ്വഹിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മെഡിക്കൽ സെന്റർ തുടങ്ങുന്നതിനായി പരിശ്രമങ്ങൾ നടത്തിയ മേലുകാവുമറ്റം സെന്റ് തോമസ് ഇടവകയുടെ പ്രവർത്തനങ്ങളെ ബിഷപ് അനുമോദിച്ചു. ഉദ്ഘാടനം സി.എസ്.ഐ ഈസ്റ്റ് കേരള ബിഷപ് റൈറ്റ്.റവ.വി.എസ്.ഫ്രാൻസിസ് നിർവ്വഹിച്ചു.
ചുരുങ്ങിയ കാലത്തിനുള്ളിൽ മധ്യകേരളത്തിലെ പ്രമുഖ ആശുപത്രിയായി മാറാൻ മാർ സ്ലീവാ മെഡിസിറ്റിക്കു സാധിച്ചതായി അദ്ദേഹം പറഞ്ഞു. കിഴക്കൻ മേഖലയിലെ ജനങ്ങളോടുള്ള കരുതലായി മാർ സ്ലീവാ മെഡിസിറ്റിയുടെ കടന്നു വരവിനെ കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് ജോർജ് എം.പി, മാണി.സി.കാപ്പൻ എം.എൽ.എ, പ്രോട്ടോ സിഞ്ചലൂസ് മോൺ. ഡോ. ജോസഫ് തടത്തിൽ, മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, മേലുകാവുമറ്റം സെന്റ് തോമസ് ചർച്ച് വികാരി റവ.ഫാ.ജോർജ് കാരാംവേലിൽ എന്നിവർ പ്രസംഗിച്ചു. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഫാമിലി ഫിസിഷ്യന്റെ സേവനവും വൈകിട്ട് 4 മുതൽ 5 വരെ വിവിധ സ്പെഷ്യാലിറ്റി , സൂപ്പർ സ്പെഷ്യലിറ്റി ഡോക്ടർമാരുടെ സേവനവും മേലുകാവുമറ്റം മെഡിക്കൽ സെന്ററിൽ ലഭ്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൾമനറി മെഡിസിൻ, റുമറ്റോളജി, നെഫ്രോളജി, കാർഡിയോളജി, ഡെർമറ്റോളജി,എൻഡോക്രൈനോളജി, ന്യൂറോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളാണ് മേലുകാവുമറ്റം സെന്ററിൽ നിന്ന് ലഭിക്കുന്നത്. കൂടാതെ ആധുനിക സംവിധാനമുള്ള ലബോറട്ടറി, ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേക്കുള്ള ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റ് ബുക്കിംഗ് , ലാബ് റിപ്പോർട്ടുകൾ ,തുടങ്ങിയ സേവനങ്ങളും മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് ലഭ്യമാണ്. ഫോൺ – 9188925700