പത്തനംതിട്ട :
വയനാട്ടിലെ മേപ്പാടിയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ സമഗ്രപുനരധിവാസമാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെലക്ഷ്യമെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടന്ന ജില്ലാതല ആഘോഷത്തില്‍ ദേശീയപതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
വയനാട് ദുരന്തത്തില്‍ ഒരുപാട് പ്രിയപ്പെട്ടവരെ നഷ്ടമായി. വിവിധ ക്യാമ്പുകളിലായി 1500 ല്‍ അധികം ആളുകള്‍ സർക്കാർസംരക്ഷണത്തില്‍ കഴിയുന്നു. അവരുടെ മനസില്‍ നിന്നും ഭയം മാറേണ്ടതുണ്ട്. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ അവരെ പ്രാപ്തമാക്കുന്നതിന് കേരളം ഒരുമിച്ച് ഐക്യത്തോടെ കൈകോര്‍ത്ത് നിലകൊള്ളുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസം കിട്ടുന്ന പെന്‍ഷന്‍തുക നല്കിയ അമ്മമാരും കുടുക്കപൊട്ടിച്ച് പണം നല്കിയ കൊച്ചുകൂട്ടുകാരും കിട്ടിയ പുതിയ ഉടുപ്പുകള്‍ വയനാട്ടിലെ കൂട്ടുകാര്‍ക്കായി നല്കിയ സര്‍ക്കാര്‍ സംരക്ഷണത്തില്‍ കഴിയുന്ന കുരുന്നുകളുമാണ് നമ്മള്‍ക്കുള്ളത്.
ഇന്നീ സുദിനത്തില്‍ രാജ്യം 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിതന്ന മഹാത്മാഗാന്ധി അടക്കമുള്ള മഹാന്മാരെ ഓര്‍ക്കുന്നു. സ്വന്തം ജീവന് പണയംവെച്ച് നമ്മുടെ ജീവന് സംരക്ഷിക്കുന്ന സേനാംഗങ്ങള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കേണ്ടതും മതേതരത്വവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടതും നമ്മള് ഓരോത്തരുടേയും ഉത്തരവാദിത്തമാണ്. ഒട്ടേറെ ഭാഷകളുടെ, സംസ്കാരങ്ങളുടെ, ആചാരങ്ങളുടെ, കലാരൂപങ്ങളുടെ മനോഹരമായ സമന്വയമാണ് നമ്മുടെ രാജ്യം. ഈ ബഹുസ്വരതയാണ് രാജ്യത്തിന്റെ മനോഹാരിത.
പല രാജ്യങ്ങളിലും അസ്വസ്ഥതകള്‍ ഉണ്ടാകുന്ന ഘട്ടമാണിത്. അവിടെ ഇന്ത്യ പ്രതീക്ഷയുടെ, സമത്വത്തിന്റെ, സാഹോദര്യത്തിന്റെ പച്ചതുരുത്തായി നിലകൊള്ളേണ്ടതുണ്ട്. ഈ അവസരത്തില്‍ നമ്മുടെ ചരിത്രം കളങ്കമേല്ക്കാതെ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് നാം ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
പൊലിസ്, എക്സൈസ്, വനം വകുപ്പുകളുടേയും ജില്ലയിലെ വിവിധ സ്കൂളുകളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, വിദ്യാര്‍ഥി പൊലിസ്, റെഡ് ക്രോസ് തുടങ്ങിയവയുടേയും പ്ലറ്റൂണുകള്‍ മന്ത്രിക്ക് അഭിവാദ്യം അർപ്പിച്ചു. സാംസ്കാരിക പരിപാടികളും ദേശഭക്തി ഗാനാലാപനവും നടന്നു. വിവിധ ഇനങ്ങളില്‍ വിജയികളായവര്‍ക്ക് മന്ത്രി സമ്മാനങ്ങൾ നൽകി.
ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്, പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്, ജില്ലാ പോലിസ് മേധാവി വി. അജിത്ത്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ്, ഡെപ്യൂട്ടി കലക്ടര്‍ ബീനാ എസ്. ഫനീഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.