കൊല്ലം: വയനാട്ടിലെ ദുരിതബാധിതർക്ക് കൈതാങ്ങുമായി കൊല്ലം സ്വദേശി അബ്ദുള്‍ അസീസ്. ദുരന്തബാധിതർക്കായി 100 കട്ടിലുകളാണ് അബ്ദുള്‍ അസീസ് നല്‍കാൻ തീരുമാനിച്ചിരിക്കുന്നത്. പത്താനാപുരത്ത് കട്ടിലുകളുടെ നിര്‍മാണവും തുടങ്ങി കഴിഞ്ഞു. രണ്ട് മാസം കൊണ്ട് മുഴുവൻ കട്ടിലുകളുടെയും നിർമ്മാണം പൂർത്തിയാക്കി വയനാട്ടില്‍ എത്തിക്കാനാണ് ശ്രമം.
ഒരായുസിന്‍റെ അധ്വാനം കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം ഉരുളെടുത്തുപോയ വയനാട്ടിലെ മനുഷ്യര്‍ക്കായി പുനരധിവാസത്തിനായി തന്നാല്‍ കഴിയുന്നത് ചെയ്യാനാണ് ശ്രമമെന്ന് അബ്ദുള്‍ അസീസ് പറഞ്ഞു. ദുരന്തബാധിതരുടെ താല്‍ക്കാലിക പുനരധിവാസം നടക്കാനിരിക്കെയാണ് വാടക വീടുകളില്‍ കഴിയുന്ന ഇവര്‍ക്ക് തല ചായ്ക്കാൻ അബ്ദുള്‍ അസീസ് കട്ടിലുകള്‍ കൈമാറുന്നത്. 14 വർഷം മുമ്പ് സർക്കാർ ജോലിയില്‍ നിന്നും വിരമിച്ച അബ്ദുള്‍ നീക്കിയിരിപ്പായ പെൻഷൻ തുകയടക്കം ഉപയോഗിച്ചാണ് കട്ടിലുകള്‍ പണിയുന്നത്.