മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിന്റെ ഒരുക്കം പുരോഗമിക്കുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് പള്ളിയുടെ സ്ഥാപക ചരിത്രത്തിന്റെ ഓർമയെ സ്മരിച്ച് കൊണ്ട് സെപ്തംബർ ഒന്നു മുതൽ എട്ടു വരെയാണ് എട്ടുനോമ്പ് പെരുന്നാൾ ആചരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് ആളുകളാണ് പള്ളിയിലേക്ക് ഒഴുകിയെത്തുക. എത്തിച്ചേരുന്ന വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടോ പ്രയാസങ്ങളോ ഉണ്ടാകാതെ ആത്മീയമായി ആരാധനകളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നതിനും നേർച്ചകാഴ്ച്ചകൾ സമർപ്പിക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ പള്ളിയിൽനിന്ന് ഒരുക്കും.
എട്ടുനോമ്പ് പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി 1501 അംഗ പെരുന്നാൾ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വൈദ്യുത ദീപാലങ്കാരത്തിന്റെ പ്രവർത്തികൾ ധൃതഗതിയിൽ നടത്തിവരുന്നു. കോതമംഗലം സോഫി സൗണ്ട്സ് ആണ് ഇതിന്റെ പ്രവർത്തികൾ നിർവഹിക്കുന്നത്. പള്ളി അങ്കണത്തിലും പരിസരങ്ങളിലും പന്തൽ ഇടുന്നതിന്റെ പ്രവർത്തികളും ആരംഭിച്ചു. റവന്യു, ആരോഗ്യം, പോലീസ് തുടങ്ങി സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനം ഏകോപിച്ച് നടപ്പാക്കും. പാച്ചോർ വിതരണത്തിനായി 25,000 മൺകലവും 35000 കോപ്പ ചട്ടിയും തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പള്ളിയിൽ എത്തിച്ചിരിക്കുന്നത്. പാച്ചോർ , നേർച്ച കഞ്ഞി എന്നിവ തയ്യാറാക്കുന്നതിന് ആവശ്യമായ 50 ടണ്ണോളം വിറകുകൾ കീറി അടുക്കി ശേഖരിച്ചു. പെരുന്നാളിന് എത്തിച്ചേരുന്ന എല്ലാ വിശ്വാസികൾക്കും നേർച്ചകഞ്ഞി വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം നടന്നു വരുന്നു. ഒന്നാം തീയതി മുതൽ ഏഴാം തീയതി അർധരാത്രി വരെയാണ് സൗജന്യ നേർച്ചകഞ്ഞി വിതരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിളക്കിലും, കൽ കുരിശിങ്കലും ഒഴിക്കുന്നതിനുള്ള എണ്ണ കുപ്പികളിൽ നിറയ്ക്കുന്ന ജോലികൾ ആരംഭിച്ചു. 10000 ലിറ്റർ എണ്ണയാണ് കുപ്പികളിൽ നിറയ്ക്കുക. 6 ലക്ഷം മെഴുകു തിരികളും, 4000 പായ്ക്കറ്റ് കുന്തിരിക്കവും പെരുന്നാളിനായി എത്തിച്ചിരിക്കുന്നത്. ഭജനമിരുന്നു നോമ്പ് ആചരിക്കാൻ എത്തുന്ന ഭക്തജനങ്ങൾക്ക് വിപുലമായ ക്രമീകരണമാണ് ഒരുക്കുന്നത്. 150ൽ ഏറെ ശുചിമുറികളുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളങ്ങളുണ്ട്. പിൽഗ്രിം സെന്ററിനു പുറമെ പഴയ നഴ്‌സിങ് സ്‌കൂൾ, പള്ളിമേടയുടെ മുകൾവശം , പാരിഷ് ഹാൾ എന്നിവിടങ്ങളിൽ തീർഥാടകർക്കു വിശ്രമിക്കാം. വിലപിടിപ്പുള്ള വസ്തു വകകൾ സൂക്ഷിക്കുന്നതിനായി സേഫ് കസ്റ്റഡി വിഭാഗവും പ്രവർത്തിക്കും.
മണർകാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുന്നാളിന് വേണ്ട ക്രമീകരണം ചെയ്യുന്നതിന് പ്രസിഡന്റ് കെ.സി. ബിജുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. മണർകാട് കവല മുതൽ പള്ളിവരെയുള്ള റോഡിലെയും സമീപ റോഡുകളിലെയും തകരാറിലായ തെരുവ് വിളക്കുകളുടെ തകരാർ പരിഹരിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ പുതിയവ സ്ഥാപിക്കാനും തീരുമാനം എടുത്തു. റോഡുകളുടെ അറ്റകുറ്റ പണികൾ പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പുമായി ചർച്ച നടത്തി. കത്തീഡ്രലിന്റെ ഇരു മൈതാനങ്ങളിലും, സെന്റ് മേരീസ് ഐ.റ്റി സി ഗ്രൗണ്ടിലും, സെന്റ മേരീസ് കോളേജ് ഗ്രൗണ്ടിലും, ഏറ്റുമാനൂർ – പട്ടിത്താനം ബൈപ്പാസിലെ പെരുമാനൂർക്കുളം മുതൽ പാലമുറി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമൊരുക്കും.
സെപ്തംബർ ഒന്നിനാണ് പെരുന്നാളിന് പ്രാരംഭം കുറിച്ച് കൊടിയേറ്റ് നടക്കുന്നത്. പറമ്പുകര മരവത്ത് എം എം ജോസഫിന്റെ ഭവനാങ്കണത്തിൽ നിന്നുമാണ് കൊടിമരം കൊണ്ടു വരുന്നത്. ആറിനാണ് കുരിശുപള്ളികളിലേക്കുള്ള വർണ്ണാഭവും ഭക്തിനിർഭരവുമായ റാസാ. ഏഴിന് ചരിത്ര പ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷയും നടക്കും. ഒന്നു മുതൽ നട അടയ്ക്കുന്ന സെപ്തംബർ 14 വരെ എല്ലാ ദിവസവും പരിശുദ്ധ സഭയിലെ മെത്രാപ്പോലീത്താമാർ വിശുദ്ധ കുർബ്ബാന അർപ്പിക്കും. വികാരി ഈ.റ്റി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ ഇട്ടിയാടത്ത് , പ്രോഗ്രാം കോർഡിനേറ്റർ കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, ട്രസ്റ്റിമാരായ പി.എ. എബ്രഹാം പഴയിടത്ത് വയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവരും വിവിധ സബ് കമ്മറ്റി കൺവീനർമാരും പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.