പത്തനംതിട്ട: ശബരിമലയിലെ ഭസ്മക്കുളം പുതിയ സ്ഥലത്തേക്ക് മാറ്റുന്നു. ഇപ്പോഴുള്ള ഭസ്മക്കുളത്തിന്റെ പരിശുദ്ധിയും പവിത്രതയും സംബന്ധിച്ചുള്ള വിമർശനങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് മാറ്റി സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. പുതിയ ഭസ്മക്കുളത്തിന്റെ സ്ഥാനനിർണയം നാളെ രാവിലെ 7.30ന് നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തില്‍ പുതിയ ഭസ്മക്കുളത്തിനായുള്ള തറക്കല്ലിടല്‍ ചടങ്ങും നടക്കുമെന്നാണ് റിപ്പോർട്ട്.
തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്താണ് തറക്കല്ലിടല്‍ നിർവ്വഹിക്കുക. ദേവസ്വം ബോർഡ് അംഗം അജികുമാർ സന്നിഹിതനായിരിക്കും.
ഭസ്മക്കുളം ക്ഷേത്ര ശരീരത്തിന്റെ ഭാഗമായതിനാല്‍ തന്ത്രിമാരുടെ അനുവാദത്തോടെയും നിർദേശങ്ങള്‍ക്കനുസരിച്ചുമാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. ഇപ്പോഴുള്ള ഫ്ലൈ ഓവറിന് താഴെയായിരുന്നു നേരത്തെ ഭസ്മക്കുളത്തിന്റെ സ്ഥാനം. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചത്.