പട്ടാപ്പകൽ കോട്ടയം റെയിൽവേ പ്ലാറ്റ്‌ഫോമിൽ മൊബൈൽ മോഷണം; പ്രതിയെ നിമിഷ നേരങ്ങൾക്കകം പൊക്കി അകത്താക്കി കോട്ടയം റെയിൽവേ പൊലീസ് സംഘം

കോട്ടയം: പട്ടാപ്പകൽ കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷണം. പരാതി ലഭിച്ച് നിമിഷങ്ങൾക്കകം കോട്ടയം റെയിൽവേ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതോടെ പ്രതി വലയിലായി. കോട്ടയം ചവിട്ടുവരി മിനി മന്ദിരത്തിൽ ശിവപ്രസാദി(49)നെയാണ് കോട്ടയം റെയിൽവേ സ്‌റ്റേഷൻ ഹൗസ് ഓഫിസർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആഗസ്റ്റ് 18 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു കേസിനാസപ്ദമായ സംഭവം. കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് മൊബൈൽ ഫോൺ മോഷണം പോയത്. ശബരി എക്‌സ്പ്രസിന് യാത്ര ചെയ്യാനായി എത്തിയ യാത്രക്കാരന്റെ മൊബൈൽ ഫോണാണ് മോഷണം പോയത്. ഉച്ചയ്ക്ക് ഒന്നരയോടെ പരാതി ലഭിച്ചതിന് പിന്നാലെ റെയിൽവേ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന ആരംഭിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച സംഘം പ്രതിയെ കണ്ടെത്തി. തുടർന്ന്, മഫ്തിയിൽ നാഗമ്പടം ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും പരിശോധന നടത്തി. തുടർന്ന്, പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന്, പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും, മൊബൈൽ ഫോൺ കണ്ടെത്തുകയും ചെയ്തു. എസ്.എച്ച്.ഒ റെജി പി.ജോസഫ്, ഗ്രേഡ് എസ്.ഐ സന്തോഷ് , ഉദയൻ, സിവിൽ പൊലീസ് ഓഫിസർ അബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisements

Hot Topics

Related Articles