മലപ്പുറത്ത് റോഡ് നിർമ്മാണത്തിൽ വ്യാപക ക്രമക്കേട്: ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിയ്ക്ക് സസ്‌പെൻഷൻ; നടപടി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

കോട്ടയം: മലപ്പുറത്ത് നഗരസഭ ഭൂമിയിൽ റോഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടിൽ ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിയ്ക്കു സസ്‌പെൻഷൻ. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്ത് ഉത്തരവ് പുറത്തിറങ്ങിയത്. നേരത്തെ മലപ്പുറം കോട്ടയ്ക്കൽ നഗരസഭ സെക്രട്ടറിയായി ജോലി ചെയ്ത കാലത്തെ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിയായ എം.സുഗതകുമാറിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. 2020 – 21 വർഷത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ സുഗതകുമാറിന് എതിരായ നടപടിയുണ്ടായിരിക്കുന്നത്. കോട്ടയ്ക്കൽ നഗരസഭയിൽ കോട്ടുകുളം എന്ന ഭാഗത്ത് ഭവനരഹിതർക്കായി നഗരസഭ വീട് നിർമ്മിക്കാൻ സ്ഥലം നീക്കി വച്ചിരുന്നു. ഈ 74 സെന്റ് സ്ഥലത്ത് ഇതിനു സമീപത്തുള്ള സ്വകാര്യ വ്യക്തികൾക്ക് ലാഭമുണ്ടാക്കി നൽകണമെന്ന ഉദ്ദേശത്തോടെ നഗരസഭ സെക്രട്ടറി റോഡ് നിർമ്മിച്ചതായി പരാതി ഉയർന്നിരുന്നു. ഈ പരാതിയിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഈ കേസിൽ ഒന്നാം പ്രതിയായ അന്നത്തെ കോട്ടയ്ക്കൽ നഗരസഭ സെക്രട്ടറിയും, നിലവിലെ ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിയുമായ എം.സുഗതകുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹം സർവീസിൽ തുടരുന്നത് അന്വേഷണത്തിന് തടസമാകുമെന്ന് കണ്ടാണ് ഇപ്പോൾ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഇദ്ദേഹത്തെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുന്നത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റുമാനൂർ നഗരസഭയിൽ ജോലി ചെയ്യുന്നതിനിടെയും ഇദ്ദേഹം അഴിമതി ആരോപണത്തിൽ കുടുങ്ങിയിരുന്നു. നഗരസഭയിൽ ആരോഗ്യ വിഭാഗത്തിലും ശുചീകരണ വിഭാഗത്തിലും പെരുമാറ്റച്ചട്ടം നിലനിൽക്കെ നിയമനം നടത്തിയാണ് ഇദ്ദേഹം വിവാദത്തിൽ കുടുങ്ങിയത്. വിഷയത്തിൽ കളക്ടർ ഇദ്ദേഹത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

Advertisements

Hot Topics

Related Articles