പിടിവിട്ടു പോകുമെന്ന് ഉറപ്പായി ! നിരക്കിൽ ചുവടു മാറ്റവുമായി അംബാനി : വിമർശനങ്ങൾക്ക് പിന്നാലെ 200 രൂപയിൽ താഴെയുള്ള 5ജി പ്ലാനുമായി ജിയോ 

ന്യൂഡൽഹി : നിരക്ക് വർധനവിനെ തുടർന്ന് വൻ വിമർശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന റിലയൻസ് ജിയോ (Reliance Jio) 200 രൂപയില്‍ താഴെ നിരക്കില്‍ പുത്തൻ പ്രീപെയ്ഡ് പ്ലാനുമായി രംഗത്ത്. കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് ഓപ്ഷനുകള്‍ ലഭ്യമല്ല എന്ന് ജിയോയുടെ നിരക്ക് വർധനയ്ക്ക് ശേഷം വരിക്കാർ വ്യാപകമായി പരാതി ഉന്നയിക്കുന്നുണ്ട്. ഇതിന് പ്രതിവിധി എന്ന നിലയില്‍ക്കൂടിയാകാം 198 രൂപ വിലയിലാണ് ജിയോയുടെ പുതിയ അ‌ണ്‍ലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ എത്തിയിരിക്കുന്നത്. ഇതോടെ 200 രൂപയില്‍ താഴെ വിലയില്‍ ലഭിക്കുന്ന പ്രധാന ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ എണ്ണം മൂന്ന് ആയി.

Advertisements

198 രൂപയുടെ പുതിയ പ്ലാനിന് പുറമേ ജിയോയുടെ എൻട്രിലെവല്‍ പ്രീപെയ്ഡ് പ്ലാൻ എന്ന സ്ഥാനമുള്ള 189 രൂപയുടെ പ്ലാനും പ്രതിദിനം 1.5ജിബി ഡാറ്റയടക്കം വാഗ്ദാനം ചെയ്യുന്ന 199 രൂപയുടെ പ്ലാനുമാണ് 200 രൂപയില്‍ താഴെ നിരക്കില്‍ ജിയോയില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള മറ്റ് പ്രീപെയ്ഡ് പ്ലാനുകള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

198 രൂപയുടെ പുതിയ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍: അ‌ണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്‌എംഎസ്, 14 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്നതിനാല്‍ ഈ പ്ലാനില്‍ 14 ദിവസത്തേക്ക് അ‌ണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമാകുന്നു.

ജിയോയുടെ പുതുക്കിയ നയങ്ങള്‍ പ്രകാരം 2ജിബിയോ അ‌തിന് മുകളിലോ ഉള്ള പ്രതിദിന ഡാറ്റ പ്ലാനുകളില്‍ മാത്രമേ അ‌ണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭിക്കൂ. ഈ നയപ്രകാരം ആണ് 198 രൂപയുടെ പുതിയ പ്ലാനിലും 14 ദിവസത്തേക്ക് അ‌ണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്നത്.

5ജി സ്മാർട്ട്ഫോണുള്ള ജിയോ വരിക്കാർക്ക് തങ്ങളുടെ പ്രദേശത്ത് ജിയോ 5ജി ലഭ്യമാണെങ്കില്‍ പ്രതിദിന പരിധിയില്ലാതെ ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ അ‌ണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫർ അ‌വസരം നല്‍കുന്നു. അ‌ണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ പ്രീപെയ്ഡ് പ്ലാൻ എന്ന സ്ഥാനം ഇപ്പോള്‍ 198 രൂപയുടെ ഈ പുതിയ പ്ലാനിനുണ്ട്.

ഇതുവരെ 349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആയിരുന്നു ഏറ്റവും കുറഞ്ഞ നിരക്കില്‍ അ‌ണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാക്കിയിരുന്നത്. പ്രതിദിനം 2ജിബി ഡാറ്റ, അ‌ണ്‍ലിമിറ്റഡ് കോളിങ്, ദിവസം 100 എസ്‌എംഎസ്, അ‌ണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, 28 ദിവസ വാലിഡിറ്റി എന്നിവയാണ് 349 രൂപയുടെ ജിയോ പ്ലാനില്‍ ലഭിച്ചിരുന്നത്.

കുറഞ്ഞ നിരക്കില്‍ ഒരു പുതിയ പ്ലാൻ ലഭിച്ചു എന്ന് ഉപയോക്താക്കള്‍ക്ക് തോന്നലുണ്ടാക്കും വിധത്തില്‍ പുതിയ 198 രൂപ പ്ലാൻ അ‌വതരിപ്പിക്കാൻ ജിയോയ്ക്ക് സാധിച്ചു. ചെറിയ തുക മാത്രം കൈയിലുള്ളവർക്ക് അ‌ത്യാവശ്യ ഘട്ടത്തില്‍ അ‌ണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫർ അ‌ടങ്ങുന്ന 349 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാൻ ആവശ്യമായ പണം കൈയിലില്ലെങ്കില്‍ ഈ പുതിയ 198 രൂപയുടെ പ്ലാൻ ഉപകാരപ്പെടും.

എന്നാല്‍ മൊത്തിലുള്ള ലാഭം പരിഗണിച്ചാല്‍ 349 രൂപയുടെ ജിയോ പ്ലാൻ ആണ് കൂടുതല്‍ ലാഭം. 198 രൂപയുടെ പ്ലാൻ രണ്ട് തവണ ചെയ്യുന്നതിനെക്കാള്‍ ലാഭം 349 രൂപയുടെ പ്ലാൻ ഒറ്റത്തവണയായി ചെയ്യുന്നതാണ്. അ‌ങ്ങനെയെങ്കില്‍ 47 രൂപ ലാഭിക്കാൻ ഉപയോക്താക്കള്‍ക്ക് സാധിക്കും. വാലിഡിറ്റിയൊഴികെ ഈ രണ്ട് പ്ലാനുകളിലും കിട്ടുന്ന ആനുകൂല്യങ്ങള്‍ ഒന്നുതന്നെയാണ്.

ചുരുക്കിപ്പറഞ്ഞാല്‍, 198 രൂപയുടെ പുതിയ പ്ലാനില്‍ അ‌ണ്‍ലിമിറ്റഡ് 5ജി ഡാറ്റ സഹിതമുള്ള ആനുകൂല്യങ്ങള്‍ ജിയോ ലഭ്യമാക്കി. അ‌ത്യാവശ്യക്കാർക്ക് ഇതുപയോഗപ്പെടുത്താം. എന്നാല്‍ ഈ പ്ലാനിലെ ആനുകൂല്യങ്ങള്‍ക്കായി ജിയോ യഥാർഥത്തില്‍ ഈടാക്കുന്നത് ഇതേ ആനുകൂല്യങ്ങള്‍ നല്‍കുന്ന 349 രൂപയുടെ പ്ലാനിന്റേതിനെക്കാള്‍ ഉയർന്ന പ്രതിദിന നിരക്കാണ്. 349 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 12 രൂപ 46 പൈസവരും. 198 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 14 രൂപ 14 പൈസയാണ്.

Hot Topics

Related Articles