തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് വ്യക്തമാണെന്ന് മന്ത്രി എം ബി രാജേഷ്. റിപ്പോര്‍ട്ട് പുറത്തു വിടുന്നതിൽ സർക്കാരിന് ഒരു താൽപര്യക്കുറവും ഉണ്ടായിരുന്നില്ല. പലരും മൊഴി നൽകിയത് രഹസ്യാത്മകത കാത്ത് സൂക്ഷിക്കും എന്നു ഉറപ്പ് നൽകിയത് കൊണ്ടാണ്. ഇപ്പോൾ പ്രചരിപ്പിക്കുന്നത് സങ്കുചിത രാഷ്ട്രീയ താൽപര്യമാണെന്നും മന്ത്രി പറഞ്ഞു.
കോൺക്ലേവിൽ ഇരയും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റാണ്. നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കും. സർക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കിൽ ഹേമ കമ്മിറ്റിയെ നിയോഗിക്കില്ല. രാഷ്ട്രീയ മുതലെടുപ്പിനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവിനെതിരെ വിമര്‍ശനം ഉന്നയിച്ച നടി പാര്‍വതി തിരുവോത്തിന് മന്ത്രി സജി ചെറിയാൻ മറുപടി നൽകിയിരുന്നു. സിനിമ കോണ്‍ക്ലേവിൽ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ലെന്നും കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണ് കോണ്‍ക്ലേവെന്ന വിമര്‍ശനമാണ് പാര്‍വതി തിരുവോത്ത് നടത്തിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. കോടതി ഒരു ഉത്തരവ് പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ എല്ലാ വിവരങ്ങളും നല്കാൻ തയ്യാറാണ്. ധനകാര്യ മന്ത്രി ബാലഗോപാൽ പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിൽ അഭിപ്രായ വ്യത്യാസമില്ല. കോൺക്ലേവ് ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ല. ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തുന്നുവെന്ന ആരോപണം തെറ്റിദ്ധാരണ മൂലമാണ്.
സിനിമാ മേഖലയിലെ ഭാവി നയം രൂപീകരിക്കാനുള്ള ദേശീയ കോൺക്ലേവ് ആണ് നടത്തുന്നത്. വിവിധ സംഘടനാ പ്രതിനിധികളാണ് പങ്കെടുക്കുക. കോണ്‍ക്ലേവുമായി മുന്നോട്ട് പോകും. വി ഡി സതീശൻ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് മറയ്ക്കാൻ ഒന്നും ഇല്ലെന്ന് മന്ത്രി വിഎന്‍ വാസവൻ പറഞ്ഞു. നിലവിൽ കേസ് എടുക്കാൻ നിയമ പ്രശനം ഉണ്ട്. പരാതികൾ വന്നാൽ കേസ് എടുക്കാം. സിനിമ മേഖല ആകെ മോശം അല്ല. ലൊക്കേഷനിലെ ലഹരി ഉപയോഗം കുറയ്ക്കാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി വിഎന്‍ വാസവൻ പറഞ്ഞു.