കൊച്ചി: നടന്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. 2020 ഓഗസ്റ്റ് 30 നാണ് കൊടകര സ്വദേശി സലീഷ് എന്ന യുവാവ് അങ്കമാലി ടെല്‍ക്കിന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ചായിരുന്നു അപകടം. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അങ്കമാലി പൊലീസിന് പരാതി നല്‍കിയത്. സലീഷ് കൊച്ചിയില്‍ മൊബൈല്‍ സര്‍വീസ് കട നത്തിയിരുന്നു. ദിലീപിന്റെ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്നത് സലീഷാണ്.
ഇതിനിടെ, ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈല്‍ ഫോണുകളില്‍ ആറെണ്ണം ദിലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിക്ക് കൈമാറി. എന്നാല്‍ കേരളത്തിലെ പൊലീസിന് കീഴിലുള്ള ഏജന്‍സികളില്‍ ഫോണ്‍ പരിശോധനയ്ക്ക് വിടരുതെന്നാണ് ദിലീപിന്റെ ആവശ്യം. ഫോണില്‍ കൃത്രിമം നടത്തുമെന്നാണ് ദിലീപിന്റെ വാദം. എവിടെ പരിശോധിക്കണമെന്ന് തീരുമാനിക്കാന്‍ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടുന്നു. ദിലീപ് ഇല്ലെന്ന് പറയുന്ന നാലാമത്തെ ഫോണില്‍ ദിലീപിന്റെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസം ഈ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു കഴിഞ്ഞെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.