ചങ്ങനാശേരി : നഗരമധ്യത്തിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം യുവാവിന് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചങ്ങനാശേരി സ്വദേശിയായ ഷമീർ സലീമി (ചോട്ടാ ഷമീർ ) നാണ് വെട്ടേറ്റത്. കാറിലെത്തിയ നാലംഗ സംഘമാണ് കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്ത് നിന്ന് ജനറൽ ആശുപത്രി റോഡിലായിരുന്നു സംഭവം. ഷമീർ നടന്ന് പോകുന്നതിനിടെ അക്രമി സംഘം കാറിൽ എത്തി പിന്നിൽ നിന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് , വടിവാൾ , മഴു , വാക്കത്തി തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് ഷമീറിനെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് രക്തം വാർന്ന് റോഡിൽ വീണ് കിടന്ന ഇദ്ദേഹത്തെ പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ ആണ് ആശുപത്രിയിൽ എത്തിച്ചത്.
റഫീഖ്, ആദിൽ, മൊട്ട അനീഷ് , ഫൈസൽ എന്നിവർ അടങ്ങുന്ന സംഘം ആണ് ഷമീറിനെ ആക്രമിച്ചത് എന്ന് പൊലീസ് പറയുന്നു. പ്രതികളിൽ ഒരാൾക്ക് ഷമീറിന്റെ ഭാര്യയുമായി ബന്ധം ഉണ്ടായിരുന്നു. ഇതിനെച്ചൊല്ലി പ്രതിയും ഷമീറുമായി നേരത്തെ തർക്കവും നില നിന്നിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് ഷെമീറിനെ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് ലഭിക്കുന്ന സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതികളും ആക്രമണത്തിന് ഇരയായ ഷമീറും സുഹൃത്തുക്കളായിരുന്നു. ഇവർ കോട്ടയം നഗരത്തിൽ സിഎംഎസ് കോളേജിനു സമീപം ടെക്സ്റ്റൈൽ ഷോപ്പ് നടത്തുന്നുണ്ട്. ഈ ടെക്സ്റ്റൈൽ ഷോപ്പിന്റെ മറവിൽ പ്രതികൾ ലഹരിക്കടത്ത് നടത്തുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കടയിലേയ്ക്ക് തുണിത്തരങ്ങൾ എത്തിക്കുന്ന മറവിൽ ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ഇരയായ ഷമീറും പ്രതികളും ഒന്നിച്ചാണ് ഇത്തരത്തിൽ ലഹരിക്കടത്ത് നടത്തിയിരുന്നത്. സിഎംഎസ് കോളേജിനു സമീപത്തെ കടയിൽ സാധനങ്ങൾ എത്തിച്ച ശേഷമാണ് ഇവർ ജില്ലയുടെ വിവിധ സ്ഥലങ്ങളിലേയ്ക്ക് ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്തിരുന്നത്. ആക്രമികൾക്ക് എതിരെ പൊലീസ് സംഘം പരിശോധന ശക്തമാക്കിയിട്ടുണ്ട്.