കോട്ടയം: ജനങ്ങൾ നികുതിയിനത്തിൽ നൽകിയ കോടിക്കണക്കിന് രൂപ നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ തിരിമറി നടത്തി തട്ടിയെടുത്ത ഇടതുപക്ഷയൂണിയൻ അംഗത്തെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും സർക്കാരും സ്വീകരിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ. ആരോപിച്ചു. തട്ടിപ്പ് വെളിയിൽ വന്ന് മൂന്നാഴ്ച പിന്നിടുമ്പോഴും തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകാത്തത് ഗവൺമെൻറ് സംരക്ഷണം ഉള്ളതു കൊണ്ടാണ്. തെളിവുകൾ നശിപ്പിക്കാൻ തട്ടിപ്പുകാരൻറെ സഹപ്രവർത്തകർക്ക് സമയം കൊടുക്കുന്നതിനാണ് അറസ്റ്റ് വൈകിക്കുന്നത്.
ഇതിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു. കോട്ടയം നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ. വെസ്റ്റ് ബ്ലോക്ക് പ്രസിഡണ്ട് എൻ. ജയചന്ദ്രൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എ. സലീം, ഡി. സി. സി. പ്രസിഡണ്ട് നാട്ടകം സുരേഷ്, വൈസ് പ്രസി ഡണ്ട് മോഹൻ. കെ. നായർ, ജനറൽ സെക്രട്ടറി എം.പി. സന്തോഷ് കുമാർ, ഈസ്റ്റ് ബ്ലോക്ക് പ്രസിഡണ്ട് സിബി ജോൺ കൈതയിൽ, എസ്. രാജീവ് , മണ്ഡലം പ്രസിഡണ്ടുമാരായ സാബു മാത്യൂ, സനൽ കാണക്കാലിൽ, ഷീബ പുന്നൻ, തങ്കച്ചൻ വേഴക്കാട്, മിഥുൻ തോമസ്, ജയൻ ബി. മഠം , ഇട്ടി അലക്സ് എന്നിവർ പ്രസംഗിച്ചു.