തിരുവനന്തപുരം: കൃത്യമായ ഈടില്ലാതെ വായ്പനൽകിയതും നിരവധി കളക്ഷൻ ഏജന്റുമാരെ നിയോഗിച്ച് കോടികൾ നഷ്ടമാക്കിയതുമാണ് ബി.ജെ.പി.യുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ സഹകരണസംഘം സാമ്ബത്തികമായി തകരാനിടയാക്കിയതെന്ന് സഹകരണവകുപ്പിന്റെ കണ്ടെത്തൽ.
ബി.ജെ.പി.യുടെ സംസ്ഥാന, ജില്ലാ നേതാക്കളാണ് കൂടുതലും ഇവിടെനിന്നു അനധികൃതമായി വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാത്തത്. 50 ലക്ഷം വരെ വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാത്തവരുണ്ട്. 41.73 കോടിയുടെ നിക്ഷേപമാണ് സംഘത്തിൽ. 32.01 കോടിയുടെ സാമ്ബത്തികനഷ്ടമുണ്ടായതോടെയാണ് പ്രതിസന്ധിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരവും ചെലവും തമ്മിൽ ഏകദേശം 8.70 കോടിയുടെ വ്യത്യാസമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഘത്തിനു തകരപ്പറമ്ബിലുള്ള മുഖ്യ ഓഫീസ് കൂടാതെ മണക്കാട്, കണ്ണമ്മൂല, ശാസ്തമംഗലം എന്നിവിടങ്ങളിൽ ശാഖകളുണ്ട്.
മൂന്ന് സെന്റിനു താഴെയുള്ള വസ്തുക്കൾ ഈടായി സ്വീകരിച്ച് വായ്പ അനുവദിച്ചെന്നാണ് കണ്ടെത്തൽ. വായ്പാ ഈടായ വസ്തുവിന്റെ വാല്യുവേഷൻ റിപ്പോർട്ട് ഫയലിൽ ഉൾപ്പെടുത്തിയില്ല. സെക്രട്ടറിയാണ് റിപ്പോർട്ട് നൽകേണ്ടത്. എന്നാൽ, ക്ലറിക്കൽ തസ്തികയിൽ ജോലിചെയ്തിരുന്ന ജീവനക്കാരന്റെ വാല്യുവേഷൻ റിപ്പോർട്ടാണ് ഫയലിൽ ഉൾപ്പെടുത്തിയത്. വാല്യുവേഷൻ തുകയുടെ 50 ശതമാനം അധികരിച്ച് വായ്പ കൊടുത്തെന്നും കണ്ടെത്തിയിട്ടുണ്ട്. സ്ക്രീനിങ് സബ് കമ്മിറ്റി ഇല്ലാതെ 10 ലക്ഷം രൂപവരെ വായ്പകൾ വിതരണം ചെയ്തതായും റിപ്പോർട്ടിലുണ്ട്.
സംഘം നൽകിയ ബിസിനസ് വായ്പകളിൽ വ്യാപാര ലൈസൻസ്, വ്യാപാരം സംബന്ധിച്ച രേഖകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തിയില്ല. ഭൂരിഭാഗം അപേക്ഷകളിലും പരസ്പര ജാമ്യം മാത്രം സ്വീകരിച്ച് വായ്പകൾ അനുവദിച്ചു. വായ്പാ ഫയലുകളിൽ കളക്ഷൻ ഏജന്റിന്റെ റിപ്പോർട്ട് ഉൾപ്പെടുത്തിയില്ല. തിരിച്ചടവ് ശേഷി പരിശോധിച്ച് വായ്പാ ഫയലുകളിൽ കൃത്യമായി രേഖപ്പെടുത്തിയില്ല. വായ്പകൾ പലതും കാലഹരണപ്പെട്ടിട്ടും ബന്ധപ്പെട്ടവർ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്.
വായ്പ അടയ്ക്കാത്തവരുടെ പേരിൽ നിയമനടപടികൾ സ്വീകരിച്ചുതുടങ്ങിയെന്ന് ബി.ജെ.പി. നേതാവും സംഘം മുൻ പ്രസിഡന്റുമായ എം.എസ്.കുമാർ പറഞ്ഞു. ചെറിയതോതിൽ നിക്ഷേപങ്ങൾ തിരിച്ചുകൊടുത്തു തുടങ്ങിയെന്നാണ് സംഘം ഭാരവാഹികൾ പറയുന്നത്.
സാമ്ബത്തികനഷ്ടം ഇങ്ങനെ
*ഭരണവിഭാഗത്തിന്റെ അംഗീകാരം ഇല്ലാതെ കളക്ഷൻ ഏജന്റിനു നൽകിയ കമ്മിഷൻ തുക- 4.11 കോടി
*മണക്കാട് ശാഖ അനുമതിയില്ലാതെ മറ്റൊരു സ്ഥലത്തേക്കു മാറ്റിയത് – 2.97 ലക്ഷം
*മുഖ്യ ഓഫീസ് അനുമതിയില്ലാതെ മാറ്റിയത്- 6.43 ലക്ഷം
*തസ്തികകൾക്ക് അനുവാദം ഇല്ലാതെ വേതനം നൽകിയത്- 3.21 ലക്ഷം
*വായ്പകളിൽ അധിക പലിശയിളവ് നൽകി ഫണ്ട് ദുർവിനിയോഗം ചെയ്തത്- 17.47 ലക്ഷം
*എം.ഡി.എസിന് അധിക പലിശയിളവ് നൽകിയ വകയിൽ- 3.48 ലക്ഷം
*മതിയായ ജാമ്യവ്യവസ്ഥകൾ പാലിക്കാതെ ചെക്കും ജാമ്യ കടപ്പത്രവും ഈടായി സ്വീകരിച്ച് വായ്പ നൽകിയത്- 19.89 കോടി
*സംഘത്തിൽ അധിക തസ്തികകൾ സൃഷ്ടിച്ച് പൊതു ഫണ്ട് നഷ്ടപ്പെടുത്തിയത്- 7.53 ലക്ഷം
*പ്രതിമാസ നിക്ഷേപ പദ്ധതികളിൽ പിരിഞ്ഞുകിട്ടാനുള്ളത്- 6.84 കോടി
*തുടർച്ചാനുമതിയില്ലാതെ ശാഖകൾ പ്രവർത്തിപ്പിച്ചതിൽ- 7.52 ലക്ഷം
മൂന്ന് കേസുകൾ കൂടി
സാമ്ബത്തിക തിരിമറിയിൽ സംഘം പ്രസിഡന്റ്, സെക്രട്ടറി, ബോർഡ് അംഗങ്ങൾ എന്നിവരുടെ പേരിൽ മൂന്ന് കേസുകൾ കൂടിയെടുത്ത് ഫോർട്ട് പോലീസ്. ഇതോടെ ആറ് കേസുകളായി. കഴിഞ്ഞദിവസം മൂന്ന് കേസുകളെടുത്തിരുന്നു. ഭാരവാഹികളുടെ പേരുൾപ്പെടുത്താതെയാണ് ഫോർട്ട് പോലീസ് കേസെടുത്തിരിക്കുന്നത്. ആകെ 92 പേരാണ് പരാതിക്കാർ. ഈ പരാതിയിലെല്ലാം കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.