കോട്ടയം : പള്ളിയിൽ പോയ മധ്യവയസ്കയെ പതിയിരുന്ന് ആക്രമിച്ച് മാല കവർന്നതായി പരാതി. കുറവിലങ്ങാട് കളത്തൂർ ചെമ്പിലോട്ടു വീട്ടിൽ ഫിലോമിന തോമസിനെ നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ 5.50 ഓടെ കളത്തൂർ പള്ളിക്ക് സമീപം ആയിരുന്നു സംഭവം. പള്ളിയുടെ പിന്നിലുള്ള റോഡിൽ വച്ച് മുഖം മറച്ചെത്തിയ ആൾ ഫിലോമിനയെ ആക്രമിച്ച് കഴുത്തിലെ മാല പറിച്ചെടുക്കുകയായിരുന്നു. ആക്രമണത്തിൽ ഫിലോമിനയുടെ ഇടതു ചെവിക്ക് പരിക്കേറ്റു. ഫിലോമിന ഒച്ച വച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു. കറുത്ത ഷർട്ടും കാവി മുണ്ടും ആയിരുന്നു ആക്രമിയുടെ വേഷമെന്ന് ഫിലോമിന പറഞ്ഞു.
ഇയാളെ മുൻപ് കണ്ട് പരിചയം ഒന്നുമില്ല എന്നും ഫിലോമിന വ്യക്തമാക്കി. ചെവിയിൽ സാരമായി പരിക്കേറ്റ പരിക്കേറ്റ ഫിലോമിനയെ കുറവിലങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.