ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച എന്റിക ലെക്സി കടല്‍ക്കൊല കേസിന് പൂര്‍ണ്ണവിരാമം. കേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കൊലപാതകക്കേസ് ഇറ്റാലിയന്‍ കോടതി തള്ളി. നാവികര്‍ക്കെതിരെ വിചാരണ നടത്താന്‍ പാകത്തില്‍ തെളിവുകളില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചതോടെയാണ് കേസ് അവസാനിച്ചത്. കോടതി വിധിയെ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ലോറന്‍സോ ഗുറിനി സ്വാഗതം ചെയ്തു.
നഷ്ടപരിഹാരമായി പത്ത് കോടി രൂപ നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഇവര്‍ക്കെതിരായ കേസ് നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോമിലെ കോടതിയും കേസ് തള്ളുന്നത്. ഇതോട്കൂടി കടല്‍ക്കൊലക്കേസ് എന്നേന്നേക്കുമായി അവസാനിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2012 ഫെബ്രുവരി 15ന് 2 മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികരായ സാല്‍വത്തറോറെ ജിറോണിന്, മസിമിലാനോ ലത്തോര്‍ എന്നിവര്‍ വെടിവച്ചുകൊന്നതാണ് കേസ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും മറ്റും നഷ്ടപരിഹാരം നല്കാന് 2021 മേയ് 21നാണ് ട്രൈബ്യൂണല്‍ വിധിച്ചത്. തുടര്‍ന്ന് നഷ്ടപരിഹാരത്തുകയായ 10 കോടി കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ഇതില്‍ 4 കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും 2 കോടി ബോട്ട് ഉടമയ്ക്കും നല്‍കണമെന്നായിരുന്നു നിര്‍ദേശം. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എം.ആര്. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തുടര്‍ന്ന് 10 കോടി രൂപ ഇറ്റലി നല്കിയ സാഹചര്യത്തില്‍ 2021 ജൂണില്‍ നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.