ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കും. കൊവിഡ് മൂന്നാം തരംഗത്തോട് രാജ്യം പോരാടുന്ന സമയത്താണ് ഈ വര്‍ഷത്തെ ബജറ്റ് വരുന്നത്. അതിനാല്‍ ഇതിന് പ്രാധാന്യം കൂടുതലാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കണക്കവതരണം എന്നതിലുപരി സാമ്പത്തിക ഭാവിയുടെ വഴികാട്ടികൂടിയായതിനാല്‍ മുഴുവന്‍ കണ്ണുകളും ബജറ്റിലാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 112 അനുസരിച്ച്, രാജ്യത്തിന്റെ വാര്‍ഷിക സാമ്പത്തിക ഓഡിറ്റാണ് കേന്ദ്ര ബജറ്റ്. ഒരു പ്രത്യേക വര്‍ഷത്തേക്കുള്ള ഗവണ്‍മെന്റിന്റെ വരുമാനത്തിന്റെയും ചെലവിന്റെയും ഏകദേശ പ്രസ്താവനയാണത്. എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കണം.ഇന്ത്യയിലെ സാമ്പത്തിക വര്‍ഷ കാലയളവ് ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ്. ഈ കാലയളവിലേക്കാണ് രാജ്യത്തിന്റെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ വര്‍ഷവും ഹല്‍വ ചടങ്ങോടെയാണ് നോര്‍ത്ത് ബ്ലോക്കില്‍ ബജറ്റ് പ്രിന്റിംഗ് ആരംഭിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിലെ വലിയ കടായിയിലാണ് ഹല്‍വ ഉണ്ടാക്കുന്നത്. ധനമന്ത്രിയും ധനമന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരും ഈ പരിപാടിയില്‍ പങ്കെടുക്കും. അവിടെയുള്ള ആളുകള്‍ക്ക് ഹല്‍വ വിതരണം ചെയ്യും. എന്നാല്‍, ഇത്തവണ കൊവിഡ് ബാധയെ തുടര്‍ന്ന് ഹല്‍വ ചടങ്ങ് നടന്നില്ല. പകരം ബജറ്റ് ടീമില്‍ പങ്കെടുത്തവര്‍ക്ക് മധുരം നല്‍കി.
ധനമന്ത്രാലയത്തിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരാണ് ബജറ്റ് രേഖ തയ്യാറാക്കുന്നത്. ബജറ്റ് ഡോക്യുമെന്റ് ചോരാതിരിക്കാന്‍, അതില്‍ ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളും മറ്റ് നെറ്റ് വര്‍ക്കുകളില്‍ നിന്ന് വേര്‍പെടുത്തിയിരിക്കുന്നു. ബജറ്റില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും രണ്ടോ മൂന്നോ ആഴ്ച നോര്‍ത്ത് ബ്ലോക്ക് ഓഫീസുകളില്‍ തങ്ങണം. ഈ സമയത്ത് അവര്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ല.
യൂണിയന്‍ ബജറ്റ് അവതരണത്തില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്ന മന്ത്രിയാണ് നിര്‍മ്മലാ സീതാരാമന്‍. നാലാം തവണയാണ് തുടര്‍ച്ചയായി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. പെട്ടിയില്‍ എത്തിയിരുന്ന ബജറ്റ് ചുവന്ന പട്ടിലേക്കും പിന്നീട് ടാബിലേക്കും പരിണമിച്ചു.