തിരുവനന്തപുരം: നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്. രണ്ടു വാഹനങ്ങളിലാണ് പൊലീസ് സ്ഥലത്തെത്തിയിരിക്കുന്നത്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎൽഎ വീട്ടിലുണ്ടോ എന്നതിന് വ്യക്തതയില്ല. പ്രതികരണത്തിനായി മാധ്യമങ്ങൾ എത്തിയെങ്കിലും മുകേഷിന്റേതായി പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല.
നിലവിൽ എംഎൽഎ കൊല്ലത്തില്ല, തിരുവനന്തപുരത്ത് ഉണ്ടെന്നാണ് വിവരം. നടി കേസുമായി മുന്നോട്ട് പോയതോടെ മുകേഷ് കൊല്ലത്ത് നിന്ന് മാറിയതായാണ് വിവരം. നിലവിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം ജില്ലയിൽ നടക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും മാർച്ചുകൾ നടക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്ർറോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുകേഷ് എം.എൽ.എ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍ എന്നിവർക്കെതിരെ കൊച്ചിയിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേൽണ സംഘത്തിന്റെ തീരുമാനം.
നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.