പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്ന ആരോഗ്യവകുപ്പിന്റെ കാരുണ്യ സ്പര്‍ശം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഒപി ബ്ലോക്ക് കാരുണ്യ ഫാര്‍മസിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ഇതിനോടനുബന്ധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രി കോമ്പൗണ്ടിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍. അജയകമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വാര്‍ഡ് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഐപ്പ് ജോസഫ്, ജനറല്‍ ആശുപത്രി ആര്‍.എം.ഒ ഡോ. ദിവ്യ ആര്‍. ജയന്‍, കെ.എം.എസ്.സി.എല്‍ വെയര്‍ ഹൗസ് മാനേജര്‍ എന്‍. ശ്രീജിത്ത്, അസിസ്റ്റന്റ് വെയര്‍ ഹൗസ് മാനേജര്‍ അഭിലാഷ് ജി. കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. മരുന്നുകളുടെ ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനങ്ങള്‍ക്ക് പരമാവധി വില കുറച്ച് വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ഓരോ ജില്ലകളിലുമായി തിരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലെ പ്രത്യേക കൗണ്ടര്‍ വഴിയാണ് മരുന്നുകള്‍ ലഭ്യമാക്കുക. 247 ഇനം ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകളാണ് ലാഭമില്ലാതെ പ്രത്യേക കൗണ്ടര്‍ വഴി ലഭ്യമാക്കുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.
കാന്‍സര്‍ ചികിത്സയ്ക്കുള്ള ബഹുഭൂരിപക്ഷം മരുന്നുകളും സീറോ പ്രോഫിറ്റായി ലഭ്യമാക്കുന്നു. സംസ്ഥാനത്തെ കാന്‍സര്‍ മരുന്ന് വിപണിയില്‍ കേരള സര്‍ക്കാര്‍ ഇതിലൂടെ നിര്‍ണായക ഇടപെടലാണ് നടത്തുന്നത്. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികള്‍ക്ക് വളരെയേറെ ആശ്വാസമാകും. നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000 ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാര്‍മസികള്‍ വഴി നല്‍കുന്നത്.
മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍
- തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
- ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി
- പത്തനംതിട്ട ജനറല്‍ ആശുപത്രി
- ആലപ്പുഴ മെഡിക്കല്‍ കോളേജ്
- കോട്ടയം മെഡിക്കല്‍ കോളേജ്
- ഇടുക്കി നെടുങ്കണ്ടം താലൂക്കാശുപത്രി
- എറണാകുളം മെഡിക്കല്‍ കോളേജ്
- തൃശൂര്‍ മെഡിക്കല്‍ കോളേജ്
- പാലക്കാട് ജില്ലാ ആശുപത്രി
- മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി
- കോഴിക്കോട് മെഡിക്കല്‍ കോളേജ്
- മാനന്തവാടി ജില്ലാ ആശുപത്രി
- കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്
- കാസര്‍ഗോഡ് ജനറല്‍ ആശുപത്രി